തദ്ദേശതെരഞ്ഞെടുപ്പിന് ഒരുക്കം സജീവമാക്കാൻ കെപിസിസി
Tuesday, January 21, 2025 2:27 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കാൻ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. മിഷൻ 2025 ന്റെ പ്രവർത്തനം ഊർജിതപ്പെടുത്തും.അതിന്റെ ഭാഗമായി കെപിസിസി ഏകദിന ശിൽപശാല സംഘടിപ്പിക്കും.
മിഷൻ 2025 ന്റെ ചുമതല വഹിക്കുന്ന നേതാവ്, ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതല വഹിക്കുന്ന കെപിസിസി ഭാരവാഹി എന്നിവരുടെ നേതൃത്വത്തിൽ, ജില്ലകളുടെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിമാരുടെ മാർഗനിർദേശത്തിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. രാഷ്ട്രീയകാര്യ സമിതി എല്ലാ മാസവും കൂടും.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ നേതാക്കൾ തമ്മിൽ ചർച്ച നടത്തി വിഷയത്തിലുള്ള പാർട്ടിലൈൻ രൂപീകരിക്കുവാൻ തീരുമാനിച്ചു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉള്ളതായി യോഗം വിലയിരുത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികൾക്കുള്ള കരട് മാർഗരേഖയും കെപിസിസിയുടെ പരിപാടികളും അവതരിപ്പിച്ചു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിച്ചു. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, എഐസിസി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, മൻസൂർ അലി ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർ ഓണ്‍ലൈനായി പങ്കെടുത്തു.