വാഴ്ത്തുപാട്ട് വെറുതേയല്ല...മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടുകാരന്റെ ‘തുച്ഛ’മായ പെന്ഷന് വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍
Monday, January 20, 2025 5:01 AM IST
തിരുവനന്തപുരം: തുച്ഛമായ തുക ലഭിക്കുന്ന പങ്കാളിത്ത പെന്ഷന് പദ്ധതി പുനഃപരിശോധിക്കണമെന്ന ജീവനക്കാരുടെ മുറവിളി വനരോദനമായി മാറിയിരിക്കേ മുഖ്യമന്ത്രിയുടെ വാഴ്ത്തുകാരന്‍ ചിത്രസേനന് ജോലി നല്കാന് കാരണമായി പറയുന്ന ‘തുച്ഛ’മായ പെന്ഷന് വിവരങ്ങള്‍ പുറത്ത്.
21,000 രൂപയോളം പെന്ഷന് ലഭിക്കുന്ന ഇദ്ദേഹത്തിന് വിരമിക്കല്‍ ഗ്രാറ്റുവിറ്റിയായി ആറ് ലക്ഷത്തോളം രൂപയും പെന്ഷന് കമ്മ്യൂട്ടേഷനായി 10 ലക്ഷവും ലഭിച്ചതായാണ് വിവരം. 18,847 രൂപ പെന്‍ഷനും നിലവിലെ ക്ഷാമാശ്വാസമായ 12 ശതമാനവും കൂട്ടുമ്പോഴാണീ പെന്ഷന് തുക. ‘തുച്ഛമായ’ പെന്ഷന് കൊണ്ട് കുടുംബത്തിന് ജീവിക്കാന്‍ ഗതിയില്ലാത്തതിനാല്‍ ധനകാര്യ വകുപ്പില്‍ സ്പെഷല്‍ മെസഞ്ചറായി ജോലി വേണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം ദ്രുതഗതിയില്‍ സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു.
പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ അംഗങ്ങളായ ജീവനക്കാര്‍ വിരമിച്ചാല്‍ ലഭിക്കുന്ന ഏറ്റവും കൂടിയ പെന്ഷന് തുക 2050 രൂപ മാത്രമാണ്. റേഷന്‍ കാര്‍ഡ് വെള്ളയായതിനാല്‍ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇത്തരം ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴാണ് പതിനായിരങ്ങള്‍ പെന്ഷന് വാങ്ങുന്ന ഉദ്യോഗസ്ഥന് സ്പെഷല്‍ മെസഞ്ചറായി നിയമനം നല്കി യാത്രയ്ക്കായി കാര്‍ അനുവദിച്ചതെന്ന് ജീവനക്കാര്‍തന്നെ ആരോപിക്കുന്നു.
ഭരണകൂടത്തിന്റെ ഇഷ്ടക്കാരുടെ ഫയലുകള്‍ക്ക് ഗതിവേഗം കൂടുതലാണെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ഈ സംഭവം.
സര്‍ക്കാരിന്റെ നിലവിലെ ഉത്തരവ് പ്രകാരം ദിവസവേതനമായി 675 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 18,225 രൂപ ചിത്രസേനന് ലഭിക്കും. പെന്‍ഷനും ദിവസവേതനവും ചേര്‍ത്താല്‍ ആകെ ഒരു മാസം നാൽപ്പതിനായിരം രൂപയോളം ഇദ്ദേഹത്തിന് ലഭിക്കും.
ജോലിക്ക് ധനകാര്യമന്ത്രിക്ക് അപേക്ഷ നല്‍കിയത് 2024 ഏപ്രിൽ 25നാണെന്നിരിക്കേ അതിനു തലേദിവസംതന്നെ ചിത്രസേനനെ നിയമിക്കാമെന്ന് ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ബി. ശശികുമാര്‍ 2024 ഏപ്രിൽ 24ന് ഫയലില്‍ കുറിച്ചു. ചിത്രസേനന് ധനമന്ത്രിക്ക് അപേക്ഷ നല്‍കുന്നതിന് തലേദിവസംതന്നെ അണ്ടര്‍സെക്രട്ടറി ശശികുമാര്‍ നിയമനം ഉത്തരവാക്കി ഫയലില്‍ രേഖപ്പെടുത്തിയത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നു.
സെക്രട്ടേറിയറ്റിലെ വിവാദമായ അനധികൃത ആക്രി കടത്തിന് നേതൃത്വം നല്കിയ ഭരണാനുകൂല സംഘടനാ നേതാവുമായുള്ള അടുത്ത ബന്ധമാണ് ദ്രുതഗതിയിലുള്ള നിയമനത്തിനു കളമൊരുക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. താത്കാലിക നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിയമനം നല്‍കിയതെന്നും ജീവനക്കാര്ക്കിയില് സംസാരമുണ്ട്.
ഫയലില്‍ എവിടെയും ഇല്ലാതിരുന്ന ഒരാളെ അണ്ടര്‍സെക്രട്ടറി ലിസ്റ്റില്‍ തിരുകിക്കയറ്റിയത് ഭരണസിരാകേന്ദ്രത്തില്‍ നടക്കുന്ന അനധികൃത നിയമനങ്ങളില്‍ ഒടുവിലത്തേതാണ്. സെക്രട്ടേറിയറ്റില്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി നടക്കുന്ന താത്കാലിക നിയമങ്ങളെക്കുറിച്ച് സണ്ണിജോസഫ് എംഎല്‍എ മുഖ്യമന്ത്രിയോട് നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇതുവരെയും അതിനുള്ള മറുപടി സഭയില്‍ നല്‍കിയിട്ടില്ല.
2013 ഏപ്രില്‍ ഒന്നിനാണ് പങ്കാളിത്ത പെന്ഷന് നടപ്പാക്കിയത്. 2018 നവംബര്‍ ഏഴിന് പുനഃപരിശോധനാ സമിതിയെ നിയമിച്ചു. ഒച്ചിഴയുംവേഗത്തിലായിരുന്നു സമിതിയുടെ പ്രവര്‍ത്തനം. ഒടുവില്‍ 2021 ഏപ്രില്‍ 30ന് ഫയല്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഇടത് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. നാളിതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തില്‍ മൂവായിരത്തോളം പങ്കാളിത്ത പെന്‍ഷന്‍കാര്‍ വിരമിച്ചിട്ടുണ്ട്.