വകുപ്പുമന്ത്രിയും ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞുള്ള ഇടപാട്: പ്രതിപക്ഷനേതാവ്
Sunday, January 19, 2025 2:01 AM IST
നെടുമ്പാശേരി: എക്സൈസ് മന്ത്രിയും ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞുള്ള ഇടപാടാണ് എലപ്പുള്ളി പഞ്ചായത്തിലെ മദ്യനിര്‍മാണ കന്പനിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പഞ്ചായത്തില്‍ ഈ മദ്യനിര്‍മാണ കമ്പനി 26 ഏക്കര്‍ സ്ഥലം മതില്‍കെട്ടി എടുത്തിട്ടുണ്ട്.
പഞ്ചായത്തിനോടും നാട്ടുകാരോടും പറഞ്ഞത് കോളജ് തുടങ്ങാനെന്നാണ്. മദ്യനിര്‍മാണ യൂണിറ്റാണ് ഈ സര്‍ക്കാരിന്റെ കോളജ്. രണ്ടു വര്‍ഷം മുന്‍പ് എക്സൈസ് മന്ത്രിയും സര്‍ക്കാരും ഈ കമ്പനിയുമായി ഗൂഡാലോചന ആരംഭിച്ചതാണെന്നും സതീശന് കുറ്റപ്പെടുത്തി.
എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് എന്നിവയ്ക്കൊക്കെ അനുമതി നല്‍കിയിരിക്കുകയാണ്.
പാലക്കാട് മദ്യനിര്‍മാണ പ്ലാന്റിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ഉത്തരം നൽകാതെ കൊഞ്ഞനം കുത്തി കാണിക്കുന്നതുപോലെയാണ് എക്സൈസ് മന്ത്രി അതിനോടു പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഞാനും ചെന്നിത്തലയും തമ്മില്‍ ഒരു തര്‍ക്കവുമില്ല. അന്നത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ബ്രൂവറിക്കെതിരേ ശക്തമായ നിലപാടെടുത്ത നേതാവാണ് രമേശ് ചെന്നിത്തല. ഇപ്പോള്‍ അദ്ദേഹവുമായി കൂടിയാലോചിച്ചാണ് നിലപാടെടുത്തതും.
മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കില്‍ ഞാനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താം. പ്രതിപക്ഷ നേതാവെന്ന നിലയിലാണ് മന്ത്രിയോട് രണ്ട് ആരോപണം ഉന്നയിച്ചതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.