ബ്രൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരൻ
Sunday, January 19, 2025 2:01 AM IST
തിരുവനന്തപുരം: കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കന്പനിക്ക് അനുമതി കൊടുത്തതിൽ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ട കന്പനിയുടെ വരവാണ് ദുരൂഹത കൂട്ടുന്നത്. ഈ കന്പനി കേരളത്തിൽ വരാൻ കാരണം കേജരിവാൾ- പിണറായി ബാന്ധവമാണോ? ടെൻഡർ പോലും വിളിക്കാതെയാണ് കന്പനിക്ക് അനുമതി നൽകിയിരിക്കുന്നത്.
എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ അറിയിച്ചില്ല. ജലദൗർലഭ്യമുള്ള പ്രദേശത്ത് ബ്രൂവറി പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിലൂടെ കാർഷിക മേഖലയെ വെല്ലുവിളിക്കുകയാണ് സർക്കാർ. പ്ലാച്ചിമട സമരം സിപിഎം മറന്നുപോയോയെന്നും മുരളീധരൻ ചോദിച്ചു.