ദ്വയാര്‍ഥ പ്രയോഗം; മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം
Tuesday, January 21, 2025 2:29 AM IST
കൊച്ചി: സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നു ഹൈക്കോടതി.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, സബ് എഡിറ്റര്‍ എസ്. ഷഹബാസ് അഹമ്മദ് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. പോലീസിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
കുട്ടിക്കും രക്ഷിതാക്കള്‍ക്കും പരാതിയില്ലെങ്കില്‍ പബ്ലിസിറ്റിക്കു വേണ്ടിയാണോ കേസെടുത്തതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി വാക്കാല്‍ ചോദിച്ചു.
കലോത്സവത്തില്‍ ഒപ്പനയുടെ റിപ്പോര്‍ട്ടിംഗിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നാരോപിച്ചു ശിശുക്ഷേമസമിതി നല്കിയ പരാതിയിലാണ് പോക്സോ വകുപ്പുകള്‍ പ്രകാരം ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തത്.