പ്രണയക്കൊലയ്ക്ക് വധശിക്ഷ
Tuesday, January 21, 2025 2:51 AM IST
നെയ്യാറ്റിന്‍കര: പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു.
""അപൂര്‍വങ്ങളില്‍ അപൂര്‍വം'' എന്നും കേസിനെ കോടതി വിലയിരുത്തി. ഗ്രീഷ്മയുടെ അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു.
കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍, അന്വേഷണം വഴിതിരിച്ചു വിടല്‍ മുതലായ കുറ്റങ്ങള്‍ക്കും ഗ്രീഷ്മയ്ക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പുറമേ രണ്ടു ലക്ഷം രൂപ പിഴയും. 586 പേജുള്ള കോടതി വിധിപ്പകർപ്പാണ് അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീര്‍ ഇന്നലെ രാവിലെ വായിച്ചത്.
കാമുകനായ പാറശാല മുര്യങ്കര ജെപി ഹാസില്‍ ജെ.പി. ഷാരോണ്‍ രാജി(22)നെ 2022 ഒക്ടോബര്‍ 14ന് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ വീട്ടിലേക്ക് ഗ്രീഷ്മ ക്ഷണിച്ചു വരുത്തി കഷായത്തില്‍ മാരക കളനാശിനി കലര്‍ത്തി ക്കൊടുത്തുവെന്നാണ് കേസ്.11 ദിവസത്തിനുശേഷം മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരണമടഞ്ഞു.
ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനായാണ് ഗ്രീഷ്മ കൊലപാതക കൃത്യം നടത്തിയത്. ഏറെ മുന്നൊരുക്കങ്ങള്‍ അതിനായി ഗ്രീഷ്മ നടത്തുകയും ചെയ്തു.കാലത്തിനനുസരിച്ച് അന്വേഷണരീതി മാറ്റിയ പോലീസിന്റെ സമര്‍ഥമായ അന്വേഷണത്തെ കോടതി അഭിനന്ദിച്ചു.
കുറ്റകൃത്യം ചെയ്ത നാള് മുതല്‍ പ്രതി സ്വയം തെളിവുകള്‍ ചുമന്നു നടക്കുകയായിരുന്നു. വിവാഹനിശ്ചയത്തിനു ശേഷവും പ്രതി ഷാരോണുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നു തെളിഞ്ഞതായും കോടതി വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.
ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്ന് മരണക്കിടക്കയിലും ഷാരോണ്‍ ആഗ്രഹിച്ചു. എന്നാല്‍, സ്നേഹബന്ധം നിലനില്‍ക്കുന്പോഴും ഷാരോണിനെ കൊലപ്പെടുത്താനാണ് ഗ്രീഷ്മ ശ്രമിച്ചത്. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അതിനുവേണ്ടി ഒരാളെ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിധിപ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം കണക്കിലെടുക്കാനാകില്ല.
24 വയസുള്ള യുവാവിനെയാണ് പ്രതി നിഷ്ഠുരമായി ഇല്ലാതാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു കൊലപാതകം. ശിക്ഷയില്‍ ഇളവു നല്കിയാല് വീണ്ടും കുറ്റകൃത്യം ചെയ്തേക്കാമെന്നും കോടതി പരാമര്‍ശിച്ചു.
വധശിക്ഷാവിധി ശ്രവിച്ച ഗ്രീഷ്മയുടെ മുഖത്ത് യാതൊരു ഭാവവ്യത്യസവുമുണ്ടായിരുന്നില്ല. ശിക്ഷ നേരത്തേ പ്രതീക്ഷിച്ച മട്ടിലായിരുന്നു ഗ്രീഷ്മയുടെ പെരുമാറ്റം. വിധി കേള്‍ക്കാന്‍ എത്തിയ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്ക് കോടതിമുറിയില്‍ കസേര നല്കി.
കേസിലെ മൂന്നാം പ്രതിയായ നിര്‍മലകുമാരന്‍ നായര്‍ക്ക് തെളിവു നശിപ്പിച്ച കുറ്റത്തിനാണ് മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.