നൂറു സമരദിനങ്ങൾ പിന്നിട്ട് മുനന്പം
Tuesday, January 21, 2025 2:29 AM IST
മുനന്പം: മുനമ്പം ഭൂപ്രശ്നത്തിൽ മുഖ്യപ്രതി സർക്കാരാണെന്ന് മുൻ എംഎൽഎ പി.വി. അൻവർ. വിഷയത്തിന്റെ പേരിൽ ക്രൈസ്തവ- മുസ്ലിം സ്പർധ വളർത്താൻ ചില ശക്തികൾ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
മുനമ്പം സമരത്തിന്റെ നൂറാം ദിനത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തപ്പോഴും പോക്കുവരവ് നടത്തിയപ്പോഴും നികുതി അടച്ചുകൊണ്ടിരുന്നപ്പോഴും വീട് വയ്ക്കുമ്പോഴുമെല്ലാം സർക്കാരിന്റെ അനുമതിയുണ്ടായിരുന്നു. സർക്കാർ ഒരു സുപ്രഭാതത്തിൽ ഈ അവകാശങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയും ജനവഞ്ചനയുമാണ്.
പ്രശ്നം പരിഹരിക്കേണ്ടതും സർക്കാരാണ്. ക്രൈസ്തവ- മുസ്ലിം സ്പർധ വളർത്താനാണു ചില ശക്തികൾ ശ്രമിക്കുന്നത്. മുസ്ലിം സമുദായം മുനമ്പം ജനതയോടൊപ്പമാണ്.
മനുഷ്യന് അവകാശപ്പെട്ട സ്വത്തുക്കൾ ഏതു നിയമത്തിന്റെ പേരിലാണെങ്കിലും തട്ടിയെടുക്കുന്നത് ദൈവികനീതിക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്ട്സ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കോട്ടപ്പുറം ബിഷപ് ഡോ. അബ്രോസ് പുത്തൻവീട്ടിൽ, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിജെപി നേതാവ് പി.സി. ജോർജ്, ബിഷപ് മാത്യൂസ് മോർ സിൽവാനിയോസ്, റവ. ഡോ.സി.എ. വർഗീസ്, സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, ആക്ട്സ് സെക്രട്ടറിമാരായ കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, സാബു ജോസ്, അഡ്വ. നോബിൾ മാത്യു, ഫാ. ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവർ പ്രസംഗിച്ചു. രാപ്പകൽ സമരം ഇന്നു രാവിലെ 11 ന് സമാപിക്കും.