ഇടപാടില്‍ മന്ത്രി മുഹമ്മദ് റിയാസിനും പങ്ക്: കോണ്‍ഗ്രസ് കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് മാഫിയാ പ്രവര്‍ത്തനം പടര്‍ന്നു പന്തലിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍.
കോഴിക്കോട്ടെ സിപിഎമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണു നടക്കുന്നത്. അതിന്റെ ഭാഗമായാണു കോഴവിവരം പുറത്തു വന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനു പങ്കുണ്ട്. ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം.
സിപിഎം നടത്തുന്ന അഴിമതി കളിലെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും പിഎസ്സി അംഗത്വം സിപിഎം തൂക്കിവിൽക്കുകയാണെന്നും പ്രവീണ്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: പിഎസ്സി അംഗത്വ നിയമനവുമായി ബന്ധപ്പെട്ടു തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു പിഎസ്സി. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ നേരത്തെയും പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്.
പിഎസ്സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴിവിട്ട നീക്കങ്ങൾ ഒന്നും അതിലുണ്ടാകില്ല. നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ട്. അത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.