കുടുംബശ്രീ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
1544018
Sunday, April 20, 2025 11:30 PM IST
കോട്ടയം: കുടുംബശ്രീ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവാര്‍പ്പ് കുടുംബശ്രീ സിഡിഎസിലെ അല്‍ ആമീന്‍ മികച്ച അയല്‍ക്കൂട്ടമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അയല്‍ക്കൂട്ടം, മികച്ച വ്യക്തിഗത സംരംഭം, മികച്ച കാര്‍ഷികമേഖല കുടുംബശ്രീ സിഡിഎസ്, മികച്ച കാര്‍ഷികേതര മേഖല കുടുംബശ്രീ സിഡിഎസ് എന്നീ നാല് അവാര്‍ഡുകളും തിരുവാര്‍പ്പ് കുടുംബശ്രീ കരസ്ഥമാക്കി.
മികച്ച അയല്‍ക്കൂട്ടം മത്സരത്തില്‍ മേലുകാവ് കുടുംബശ്രീ സിഡിഎസിലെ എവര്‍ഗ്രീന്‍ രണ്ടാംസ്ഥാനവും മീനടം കുടുംബശ്രീ സിഡിഎസിലെ ഐശ്വര്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൂന്നിലവ് പഴുക്കാക്കാനം എഡിഎസ് ആണ് മികച്ച ഒന്നാമത്തെ എഡിഎസ്, കൂട്ടിക്കലിലെ ചപ്പാത്ത് എഡിഎസും, തൃക്കൊടിത്താനത്തെ മങ്കല എഡിഎസും ആണ് രണ്ടും മൂന്നും സ്ഥാനത്ത്. 18നും 40നും വയസിനും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗം അല്ലാത്ത യുവതികളുടെ നൂതന കൂട്ടായ്മയായ ഓക്സിലറി വിഭാഗത്തില്‍ മികച്ച ഓക്സിലറി ഗ്രൂപ്പായി ഭരണങ്ങാനത്തെ ഡ്രീം ടീം ഒന്നാം സ്ഥാനവും പള്ളിക്കത്തോട് ഡ്രീംസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഓക്സിലറി വിഭാഗത്തില്‍ മികച്ച സംരംഭം ഒന്നാം സ്ഥാനത്ത് ചെമ്പ് കുടുംബശ്രീ സിഡിഎസിലെ അമ്മൂസ് മഷ്റൂം, രണ്ടാം സ്ഥാനം പാറത്തോട് കുടുംബശ്രീ സിഡിഎസിലെ രുചിക്കൂട്ട്, മൂന്നാം സ്ഥാനം അതിരമ്പുഴ കുടുംബശ്രീ സിഡിഎസിലെ ആസ്വിഷ് ക്രാഫ്റ്റും നേടി.
വ്യക്തിഗത സംരംഭക ഗ്രൂപ്പില്‍ കോട്ടയം സൗത്ത് കുടുംബശ്രീ സിഡിഎസിലെ സിന്ധുകുമാരി ഒന്നാം സ്ഥാനത്തും വൈക്കം കുടുംബശ്രീ സിഡിഎസിലെ ധനലക്ഷ്മി രണ്ടാമതും നെടുംകുന്നം കുടുംബശ്രീ സിഡിഎസിലെ ബിജി ജോസഫ് മൂന്നാം സ്ഥാനവും നേടി. കിടങ്ങൂര്‍ കുടുംബശ്രീ സിഡി എസിലെ അപ്പരാല്‍ വെല്‍ഫെയര്‍ അസോസിയേഷനാണ് മികച്ച ഒന്നാമത്തെ മൈക്രോ എന്റര്‍പ്രൈസസ് ഗ്രൂപ്പ്, തിരുവാര്‍പ്പ് കുടുംബശ്രീ സിഡിഎസിലെ മില്‍ക്കി ലാറ്റ രണ്ടും തലപ്പലം കുടുംബശ്രീ സിഡിഎസിലെ ജീവന് ശ്രീ ആന്‍ഡ് ജീവന് ജ്യോതി ന്യൂട്രിമിക്സ് മൂന്നും സ്ഥാനത്തെത്തി.
മികച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്ററായി അതിരമ്പുഴയും രണ്ടും, മൂന്നും സ്ഥാനങ്ങൾ നീണ്ടൂരും അയര്‍ക്കുന്നവും കരസ്ഥമാക്കി. മികച്ച ബഡ്സ് ആയി വെളിയന്നൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കുടുംബശ്രീ സിഡിഎസ് ആയി അതിരമ്പുഴ കുടുംബശ്രീ സിഡിഎസും വെളിയന്നൂര്‍ രണ്ടാമതും പള്ളിക്കത്തോട് മൂന്നാമതും എത്തി.
കാര്‍ഷിക മേഖലയില്‍ തിരുവാര്‍പ്പ് ഒന്നാമതും വെളിന്നൂര്‍, പള്ളിക്കത്തോട് എന്നീ കുടുംബശ്രീ സിഡി എസ് രണ്ടും മൂന്നും സ്ഥാനത്തെത്തി. സാമൂഹിക വികസനം സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍, ജെന്‍ഡര്‍ എന്നിവയില്‍ തിരുവാര്‍പ്പാണ് ഒന്നാമത്. കാര്‍ഷികേതര മേഖലയില്‍ തിരുവാര്‍പ്പ് കുടുംബശ്രീ സിഡി എസ് ഒന്നും കോട്ടയം നോര്‍ത്ത്, ചങ്ങനാശേരി എന്നീ കുടുംബശ്രീ സിഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.
14 ജില്ലകളില്‍നിന്നും ഒന്നാം സ്ഥാനം ലഭ്യമായവരുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വ്യക്തി, സംരംഭം, സ്ഥാപനം, തെരഞ്ഞെടുപ്പ് 21 മുതല്‍ 24 വരെ തൃശൂര്‍ കിലയില്‍ സംഘടിപ്പിക്കപ്പെടുന്ന ശില്പശാലയില് നടക്കും.