ദുരിതമനുഭവിക്കുന്നവർക്ക് ഉയിർപ്പ് പ്രത്യാശയേകട്ടേ: പരിശുദ്ധ കാതോലിക്കാ ബാവ
1544022
Sunday, April 20, 2025 11:30 PM IST
വാഴൂർ: സമൂഹത്തിൽ പലവിധമായ ദുരിതങ്ങളാൽ വേദനിക്കുന്നവർക്ക് യേശുക്രിസ്തുവിന്റെ ഉയിർപ്പ് പ്രത്യാശയേകട്ടേയെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.
ഒരാഴ്ചക്കാലം ഇടവകയിൽ താമസിച്ചാണ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. മാതൃഇടവകയിലെ വിശ്വാസികൾ നൽകിയ സ്നേഹത്തിന് പരിശുദ്ധ കാതോലിക്കാ ബാവ നന്ദി രേഖപ്പെടുത്തി. വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഉയിർപ്പ് തിരുനാളിനോടനുബന്ധിച്ച് ഉയിർപ്പ് പ്രഖ്യാപനവും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടത്തി.
വികാരി ഫാ. കുറിയാക്കോസ് മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ്, ട്രസ്റ്റി എം.എ. അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി സെബിൻ ബാബു പുതുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ ഏകോപിപ്പിച്ചത്.