മീനച്ചിലാറിന്റെ തീരത്ത് സായാഹ്നം ചെലവഴിക്കാനൊരിടം
1544244
Monday, April 21, 2025 6:57 AM IST
കിടങ്ങൂര്‍: കുറച്ചുനാള്‍ മുന്‍പുവരെ കിടങ്ങൂര്‍ പാലം മുതല്‍ കട്ടച്ചിറ വരെയുള്ള പുതിയ ബൈപാസ് റോഡ് കാടുപിടിച്ച് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു. എന്നാല്‍, ഇന്ന് ഒരു കൂട്ടം പ്രകൃതിസ്നേഹികളുടെ പരിശ്രമംകൊണ്ട് കഥയാകെ മാറി. കാടുകള്‍ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്ത് അവര്‍ പരിസരം വൃത്തിയാക്കി. റോഡിന്റെ വശങ്ങളില് ചെടികള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കി. പുഴയോരം റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും സമീപവാസികളും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.
കിടങ്ങൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുഴയോരം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് ഇതോടെ കൂടുതല്‍ ശ്രദ്ധേയമായി. കിടങ്ങൂരില്‍ 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് പുഴയോരം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്. പൊതുസ്ഥലങ്ങളുടെ ശുചീകരണം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ നിര്‍മാര്‍ജനം,
ബോധവത്കരണ ക്ലാസുകള്‍, ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരവുകള്‍, ചികിത്സാ സഹായങ്ങള്‍, കിടങ്ങൂര്‍ ബൈപാന്റെ സൗന്ദര്യവത്കരണം, ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങളില്‍ ബോധവത്കരണം നടത്തുക എന്നിങ്ങനെ ജനക്ഷേമകരമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ അസോസിയേഷന് ഏര്‍പ്പെട്ടുവരുന്നു.
കട്ടച്ചിറ ചെക്ക് ഡാമിനു സമീപം മിനി ഹൈമാസ് ലൈറ്റ്, സിസി ടിവി കാമറ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഏതാനും ചാരുബഞ്ചുകള്‍ ഇട്ടും ചെക്ക് ഡാമിലേക്ക് ഇറങ്ങാന്‍ കല്‍പ്പടവുകള്‍ നിര്‍മിച്ചും കൈ വരികള്‍ സ്ഥാപിച്ചും ധാരാളം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചും ഇവിടം മനോഹരമായ ഉദ്യാനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അവര്‍.
ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ചാലക്കടവ് -കട്ടച്ചിറ ബൈപാസ് റോഡ് മൂന്നു കോടിയോളം രൂപ മുടക്കി അടുത്തയിടെയാണ് ആധുനിക നിലവാരത്തിലെത്തിച്ചത്. മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ള ഈ റോഡ് പ്രകൃതിഭംഗി നിറഞ്ഞതാണ്. അധികൃതര്‍ മുന്‍കൈയെടുത്താല്‍ ഒരു വഴിയോര വിശ്രമകേന്ദ്രമാക്കിയെടുക്കാവുന്നതാണെന്ന് അസോസിയേഷന് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ യാത്രക്കാര്‍ക്ക് മനസിനു കുളിര്മയേകുന്നതാണ് ഇവിടത്തെ കാഴ്ചകള്‍. മീനച്ചിലാറിന്റെ തണുത്ത കാറ്റേറ്റ്, സൗന്ദര്യം ആസ്വദിച്ച് ഒരു സായാഹ്നം ചെലവഴിക്കാം.