അക്കരപ്പാടം പാലം മേയിൽ തുറക്കും
1544252
Monday, April 21, 2025 7:04 AM IST
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന അക്കരപ്പാടം പാലത്തിന്റെ നിർമാണം പൂർത്തിയായി. പാലത്തിന്റെ സമീപ റോഡിന്റെ നിർമാണം പൂർത്തിയായതിനെത്തുടർന്ന് ഇപ്പോൾ കൈവരികളുടെ പെയിന്റിംഗ് പുരോഗമിക്കുകയാണ്.
റോഡിൽ ദിശാബോർഡുകൾ സ്ഥാപിച്ച് മധ്യഭാഗത്ത് വെള്ളവര ഇടുന്നത് പൂർത്തിയാക്കി മേയിൽ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിനു കുറുകെ ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം, നാനാടം എന്നീസ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. അഞ്ചു സ്പാനോടു കൂടി 30 മീറ്റർ നീളത്തിൽ വശങ്ങളിൽ നടപ്പാത ഉൾപ്പെടെയാണ് പാലം നിർമിച്ചിട്ടുള്ളത്.
പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിൽ സമീപനപാതയുടെ ടാറിംഗ് ആധുനിക രീതിയിൽ പൂർത്തീകരിച്ചു. സമീപ പാതയുടെ നിർമാണത്തിനായി 29.77 സെന്റ് വസ്തു ഏറ്റെടുത്തിരുന്നു.
2022 ഡിസംബർ 14നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്. നിലവിൽ അക്കരപ്പാടം നിവാസികൾ പുഴ കടക്കാൻ കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്.