ഫ്യൂച്ചർ സ്റ്റാർസ് ലീഡർഷിപ്പ് ക്യാമ്പ് നടത്തി
1544021
Sunday, April 20, 2025 11:30 PM IST
അരുവിത്തുറ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് കോളജ് സെമിനാർ ഹാളിൽ നടത്തി. ലേബർ ഇന്ത്യ സ്കൂൾ ചെയർമാൻ ജോർജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു.
കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽനിന്ന് മാനദണ്ഡങ്ങൾപ്രകാരം തെരഞ്ഞെടുത്ത 57 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
കുട്ടികളിലെ നേതൃഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായതും കുട്ടികൾക്ക് ഉയർന്ന കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നതുമായ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഫ. ടോമി ചെറിയാൻ, ജോർജ് കരുണയ്ക്കൽ, അഭിലാഷ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
സമാപന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും മികച്ച ക്യാമ്പ് അംഗങ്ങൾക്ക് പുരസ്കാരങ്ങളും നൽകി.