മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം ഇന്ന് നാലാം വര്‍ഷത്തിലേക്ക്
1544240
Monday, April 21, 2025 6:57 AM IST
ബെന്നി ചിറയില്‍
മാടപ്പള്ളി: സര്‍ക്കാരിനെ വിറകൊള്ളിച്ച മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധസമരം ഇന്ന് നാലാംവര്‍ഷത്തിലേക്കു കടക്കും. സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുക, സമരപോരാളികള്ക്കെതിരേ പോലീസ് എടുത്തിട്ടുള്ള വ്യാജക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ സത്യഗ്രഹ സമരമാരംഭിച്ചത്.
2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീകളെയടക്കം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സ്ഥലത്താണ് 2022 ഏപ്രില്‍ 20ന് സ്ഥിരം സമരപ്പന്തല്‍കെട്ടി സമരം തുടങ്ങിയത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി മേഖലകളില്‍പ്പെട്ട നൂറോളം സംഘടനകള്‍ സമരപ്പന്തലില്‍ സത്യഗ്രഹസമരം നടത്തുകയും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പരിസ്ഥിതി നേതാക്കള്‍ സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും പദ്ധതിയില്‍നിന്നും പിന്മാറിയതായി പരസ്യമായി പ്രഖ്യാപിക്കാന്‍ സന്നദ്ധത കാട്ടിയിട്ടില്ല.
ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണവിഷയമാക്കാന്‍ സമരസമിതി
ആഗതമാകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സമരസമിതി സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്താകമാനം പ്രചാരണം കടുപ്പിക്കാനിടയുള്ളതിനാല് തത്കാലം പദ്ധതി സംബന്ധിച്ച് പുതിയ നടപടിക്ക് സര്‍ക്കാര്‍ മുതിരാനിടയില്ല.
പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിനുവേണ്ടി 2021 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 30നും സ്ഥലത്തിന്റെ സര്‍വേ നമ്പരുകളും ബ്ലോക്ക് നമ്പരും ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഭൂവുടമകള്‍ക്ക് സ്ഥലം ക്രയവിക്രയം നടത്തുന്നതിനും ബാങ്ക് ലോണ്‍ ലഭിക്കുന്നതിനും വൈഷമ്യങ്ങള്‍ നേരിടുന്നുണ്ട്. വിലകുറച്ച് വില്ക്കാമെന്നു കരുതിയാലും വാങ്ങാനാളില്ലാത്ത അവസ്ഥയാണെന്ന് ഭൂവുടമകള്‍ പറയുന്നു.
ഈ സാഹചര്യം സമരസമിതിയും യുഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വിഷയമാക്കാനുള്ള തീരുമാനമുണ്ടെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. സമരത്തിന്റെ പേരില്‍ ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം കോടതികളിലായി നിരവധിപേരുടെ പേരില്‍ ഏറെ കേസുകളും നിലനില്‍ക്കുന്നുണ്ട്. ഈ 24ന് ചങ്ങനാശേരി കോടതിയില്‍ 28 പേര്‍ക്കെതിരേയുള്ള കേസിൽ വാദം കേള്‍ക്കും.
ഇന്നു രാവിലെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടക്കുന്ന സത്യഗ്രഹസമരം അഡ്വ. പ്രമോദ് പുഴങ്കര ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.