തിരുവാർപ്പ് ഗവ. യുപി സ്കൂളിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് യുഡിഎഫ്
1544248
Monday, April 21, 2025 6:57 AM IST
തിരുവാർപ്പ്: തിരുവാർപ്പ് യുപി സ്കൂളിന്റെ മുടങ്ങിക്കിടക്കുന്ന നിർമാണ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്ന് യുഡിഎഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനമാരംഭിച്ചത്. ഒന്നരവർഷം മുമ്പ് നിർമാണം തുടങ്ങിയെങ്കിലും പൈലിംഗ് മാത്രമാണ് നടത്തിയത്. കഴിഞ്ഞ ഒമ്പതുമാസങ്ങളായി പ്രവർത്തനം നിലച്ചിരിക്കുകയാണ്. നിരവധി വിദ്യാർഥികൾ ഈ ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്നുണ്ട്.
പുതിയ അധ്യയന വർഷമാരംഭിക്കാൻ ഇനി ഒരു മാസം മാത്രമേയുള്ളൂ. സ്കൂളിന്റെ നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. തിരുവാർപ്പ് പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂൾ.
സ്കൂൾ നിർമാണം ഉടൻ തുടങ്ങിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച് അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ അധ്യക്ഷനായിരുന്നു.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ, റൂബി ചാക്കോ, ബിനു ചെങ്ങളം, അജി കൊറ്റമ്പടം, മുരളി കൃഷ്ണൻ, വി.എ. വർക്കി, സുമേഷ് കാഞ്ഞിരം, അജാസ് തച്ചാട്ട്, ഷമീർ വളയംകണ്ടം, സക്കീർ ചങ്ങമ്പള്ളി, രാജൻ തലത്തോട്ടിൽ, ബോബി മണലേൽ, ബാബു ചെറിയാൻ , ലിജോ പാറെക്കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.