മണർകാട്ട് പത്താമുദയ ഉത്സവത്തിനു തുടക്കം
1544246
Monday, April 21, 2025 6:57 AM IST
മണർകാട്: ചരിത്ര പ്രസിദ്ധമായ മണർകാട് ദേവീ ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് വിഷുദിനത്തിൽ തുടക്കംകുറിച്ചു. പത്താമുദയ ദിവസമായ 23 വരെ നടക്കുന്ന പ്രധാന വഴിപാടായ കലംകരിയ്ക്കലിന് ഭക്തജനത്തിരക്കായി. 23ന് ദേശവഴികളായ ഇരുപത്തിയെട്ടര കരകളിൽനിന്നുള്ള പ്രഭാത കുടം, ഉച്ചക്കുള്ള കുംഭകുടം, അമ്മൻ കുടം, കുമാരനല്ലൂർ പെരുമ്പായിക്കാട്ടുശേരിക്കാരുടെ അവകാശതൂക്കം എന്നിവ നടക്കും.
തുടർന്ന് അരീപ്പറമ്പ് കരയുടെയും പുന്നത്തറ കരയുടെയും ഗരുഡൻ. പിന്നീട് മറ്റുകരക്കാരുടെയും വ്യക്തികളുടെയും ഗരുഡൻ വെളുപ്പിന് മൂന്നു വരെ നടക്കും. മണർകാട് ദേവീക്ഷേത്രത്തിൽ മാത്രമുള്ള പതിനൊന്ന് ഗരുഡനും ഇതേത്തുടർന്ന് നടക്കും.
പത്താമുദയ മഹോത്സത്തോടനുബന്ധിച്ച് ക്ഷേത്രപരിസരവും മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും കോട്ടയം കളക്ടർ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യു, തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രവർത്തനവും മേൽനോട്ടവും ഉത്സവത്തിനുണ്ടാകുമെന്ന് സെക്രട്ടറി ആർ. രവി മനോഹർ വട്ടപ്പറമ്പിൽ അറിയിച്ചു.