മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍
1544020
Sunday, April 20, 2025 11:30 PM IST
കോട്ടയം: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും പഠന ബോധനപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയില്‍ അടിസ്ഥാന സൗകര്യമേഖലയിലുണ്ടായത് വലിയ മുന്നേറ്റം.
കിഫ്ബി ഫണ്ട് വഴി ജില്ലയിലെ പാലാ എംജിജിഎച്ച്എസ്എസ്, കാരാപ്പുഴ ജിഎച്ച്എസ്എസ്, തൃക്കൊടിത്താനം ജിഎച്ച് എസ്എസ്, പുതുപ്പള്ളി സെന്റ് ജോര്‍ജ് ജിവിഎച്ച്എസ്എസ്, പൊന്‍കുന്നം ഗവണ്മെന്റ് വിഎച്ച്എസ്എസ്, പെരുവ ഗവണ്മെന്റ് എച്ച്എസ്എസ്, മുരിക്കുംവയല്‍ ഗവണ്മെന്റ് വിഎച്ച്എസ്എസ്, വൈക്കം ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസ് സ്കൂളുകള്‍ക്ക് വിദ്യാകിരണം പദ്ധതിക്കായി അഞ്ചുകോടി രൂപയാണ് സര്‍ക്കാര്‍ 2020-21 കാലയളവില്‍ നല്‍കിയത്.
കുമരകം ഗവണ്മെന്റ് വിഎച്ച്എസ്എസ്, തലയോലപ്പറമ്പ് എജെജെഎംജിഎച്ച്എസ്എസ്, പനമറ്റം ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 2019 മുതല്‍ 2023 വരെ മൂന്നുകോടി രൂപയാണ് ഓരോ സ്കൂളിനായി വിനിയോഗിച്ചത്.
ഒരുകോടി രൂപ ചെലവില്‍ 2022-25 കാലയളവില്‍ ഈരാറ്റുപേട്ട ജിഎച്ച്എസ്, നീണ്ടൂര്‍ എസ്കെവി ജിഎച്ച്എസ്എസ്, നെടുങ്കുന്നം ഗവണ്മെന്റ് എച്ച്എസ്എസ്, കാണക്കാരി ഗവണ്മെന്റ് വിഎച്ച്എസ്എസ്, കുറിച്ചി ഗവണ്മെന്റ് എച്ച്എസ്എസ് സ്കൂളുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു.
ജില്ലയില്‍ നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചു രണ്ട് കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കൊമ്പുകുത്തി ജിഎച്ച്എസ്, പനയ്ക്കച്ചിറ ജിഎച്ച്എസ്, വടവാതൂര്‍ ജിഎച്ച്എസ്, വാഴൂര്‍ ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജിഎച്ച്എസ് സ്കൂളുകളില്‍ നടപ്പിലാക്കിയത്.
സാമൂഹിക നീതിയും അവസര തുല്യതയും അടിസ്ഥാനമാക്കി, സാങ്കേതിക വിദ്യാസാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക, സമഗ്രമായ കാഴ്ചപ്പാടും നൂതനമായ പ്രവര്‍ത്തന പദ്ധതികളും നടപ്പാക്കി ബഹുജന കൂട്ടായ്മയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം, സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം, സ്കൂള്‍ മാസ്റ്റര്‍പ്ലാനുകള്‍ തയാറാക്കല്‍ എന്നിവ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.