മാടപ്പള്ളി പഞ്ചായത്തിന്റെ എംസിഎഫ് കൊട്ടാരംകുന്നില് തുറന്നു
1543985
Sunday, April 20, 2025 6:28 AM IST
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ കൊട്ടാരംകുന്നില് പുതിയ എംസിഎഫ് തുറന്നു. അജൈവ മാലിന്യ ശേഖരണത്തിനും തരംതിരിക്കലിനുമുള്ള സൗകര്യത്തിനു പുറമേ കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, വിശ്രമമുറി, ശുചിമുറി, അടുക്കള എന്നീ സൗകര്യങ്ങളടങ്ങിയ കെട്ടിടമാണ് 30 ലക്ഷം രൂപ ചെലവഴിച്ച് മാടപ്പള്ളി പഞ്ചായത്ത് എംസിഎഫിനായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ളതും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ ബിഎസ്എന്‍എല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ഹരിതകര്‍മസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ ഇതുവരെ സൂക്ഷിച്ച് തരംതിരിച്ചിരുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും അസൗകര്യങ്ങളും മൂലം ഇവിടെ പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് കൊട്ടാരംകുന്നില് പുതിയ കെട്ടിടം നിര്‍മിച്ച് എംസിഎഫ് പ്രവര്‍ത്തനം തുടങ്ങിയത്.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് അജൈവ മാലിന്യം ശേഖരിച്ച് തരംതിരിക്കും. ഇതിനായി പ്രത്യേക സ്റ്റോറേജ് സംവിധാനം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിക്ക് മാലിന്യം കൈമാറും. മുകള്‍ നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ 100 പേര്‍ക്കു വരെ പങ്കെടുക്കാവുന്ന പരിപാടികള്‍ സംഘടിപ്പിക്കാം.
കൂടാതെ ഹരിതകര്‍മസേനയ്ക്കായി ഓഫീസും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വിശ്രമിക്കാനായി റെസ്റ്റ് റൂം സൗകര്യവുമൊരുക്കും. കെട്ടിടത്തിന് റൂഫിംഗ്, ചുറ്റുമതില്‍ എന്നിവയ്ക്കായി പുതിയ പദ്ധതി വകയിരുത്തും.
പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ ശശിധരമേനോന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ. ബിന്സണ്, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ ബാബു പാറയില്‍, വാര്‍ഡ് മെംബര്‍ സിനി വര്‍ഗീസ്, കണ്‍സോര്‍ഷ്യം പ്രസിഡന്റ് സജിന ഇസ്മായില്‍, സെക്രട്ടറി ബിജോ പി. ജോസഫ്, മനോജ് മാധവന് എന്നിവര്‍ പ്രസംഗിച്ചു.