പരിശോധന കര്‍ശനമാക്കണമെന്ന്
1544242
Monday, April 21, 2025 6:57 AM IST
കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് വാഹനങ്ങളില്‍ കൊണ്ടുവരുന്ന ആടുകളെ മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തിയ ശേഷം മാത്രമേ ഇവിടെ ഇറക്കാന്‍ അനുവദിക്കാവൂവെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു പ്രധാന വിപണിയിലേക്ക് മഹാരാഷ്ട്രയില്‍നിന്ന് എത്തിച്ച ഒരു ലോഡ് ആടുകളില്‍ 30 എണ്ണത്തിന് മുകളില്‍ ചത്ത ആടുകളായിരുന്നു. ഇറച്ചി ആവശ്യത്തിനാണ് ആടുകളെ ഇവിടെ എത്തിക്കുന്നത്. ഒരു ലോഡില്‍ 250നു മുകളില്‍ ആടുകള്‍ ഉണ്ടാകും.
ഇന്നു വിപണിയില്‍ വില്ക്കുന്നതില് ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ആടുകളാണ്. വിവാഹ സീസണ് ആരഭിച്ചതിനാല് വിപണിയില്‍ ആവശ്യക്കാരും കൂടുതലാണ്. മഴക്കാലം ആരംഭിച്ചാല്‍ ഇത്തരത്തില്‍ എത്തുന്ന ആടുകള്‍ കൂടുതല്‍ ചാകാന്‍ സാധ്യതയുണ്ട്.
പരിശോധന നടത്തിയില്ലെങ്കില്‍ ചത്ത ആടുകള്‍ തീന്മേശയില് എത്താന്‍ സാധ്യതയുണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആടുകളെ കൊണ്ടുവരുന്നതെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.