നഗരസഭയുടെ കടമുറി ലേലം സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വിവാദം
1543980
Sunday, April 20, 2025 6:28 AM IST
ചങ്ങനാശേരി: നഗരസഭയുടെ കടമുറികള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പുതിയ ബൈലോയെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വിവാദം. ബൈലോയ്ക്കെതിരേ പ്രതിപക്ഷം രംഗത്തു വന്നതോടെയാണ് കൗണ്‍സിലില്‍ ശബ്ദമുയര്‍ന്നത്.
കീഴ്വാടകക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചതെങ്കിലും ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബൈലോ നഗരസഭാ കൗണ്‍സില്‍ യോഗം പാസാക്കി.
യുഡിഎഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് അജണ്ട പാസായത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളും ബങ്കുകളും നിലവിലുള്ള ലൈസന്‍സികള്‍ മാറാന്‍ ആഗ്രഹിക്കുകയും ഇത് മറ്റൊരാള്‍ ഏറ്റെടുക്കാന്‍ തയാറാകുകയും ചെയ്താല്‍ നിലവിലുള്ള ലൈസന്‍സിയുടെ അനുമതിയോടെ പുതിയ കരാര്‍ എന്ന നിലയില്‍ പുതുക്കിയ സെക്യൂരിറ്റി തുകയും വാടകയും നിശ്ചയിച്ച് കരാര്‍ നല്‍കുന്നതിന് കൗണ്‍സിലിന് അധികാരമുണ്ടാകുമെന്നാണ് പുതിയ ബൈലോയില്‍ പറയുന്നത്.
പരസ്യ ലേലമില്ലാതെ നിലവിലെ ലൈസന്‍സി നിര്‍ദേശിക്കുന്നയാള്‍ക്ക് കടമുറി നല്‍കുന്നത് വഴിവിട്ടുള്ള അഴിമതിക്കുള്ള നീക്കമാണന്ന് പ്രതിപക്ഷം ആരോപിച്ചു. പുതിയ ബൈലോ ഒരു വര്‍ഷത്തേക്ക് മാത്രമാണ് നടപ്പാക്കുന്നതെന്നും ഇത് ഭരണപക്ഷത്തിന്റെ രഹസ്യ അജണ്ടയാണെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായ ജോമി ജേസഫ്, സന്തോഷ് ആന്റണി, ശ്യാം സാംസണ് എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ ആരോപണമുന്നയിച്ചു.
വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച ബൈലോയിലെ നിര്‍ദേശങ്ങള്‍ അഴിമതിക്ക് കാരണമാകുമെന്നു സ്ഥിരം സമിതി അധ്യക്ഷരായ മധുരാജും എല്‍സമ്മ ജോബും അഭിപ്രായപ്പെട്ടു.
എന്നാല്‍, ബൈലോയുടെ കരടു രേഖ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുകയും താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുള്ളതാണെന്നും ഇക്കാലയളവില്‍ ആരും ആക്ഷേപം ഉന്നയിച്ചില്ലെന്നും ബൈലോ അവതരിപ്പിച്ച വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് പറഞ്ഞു.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ അജണ്ട പാസാക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് അധ്യക്ഷത വഹിച്ച ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അഭിപ്രായപ്പെട്ടു.
അതേസമയം നഗരസഭയിലെ നിരവധി കടമുറികളും ബങ്കുകളും ബിനാമി പേരുകളില്‍ വാടകയ്ക്കെടുത്തു കീഴ് വാടകയ്ക്കു നല്കി ലാഭം കൊയ്യുന്നവര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണമുണ്ടായാല്‍ പലരുടെയും ഇടപെടലുകള്‍ പുറത്തുവരുമെന്നുമാണ് നിഷ്പക്ഷമതികളായ നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.