പാവം ജനം ചോദിക്കുന്നു, ആരാ ശരി; ദുരിതക്കയത്തിന് പിന്നാലെ അവകാശപ്രളയവും
1544026
Sunday, April 20, 2025 11:30 PM IST
കുറവിലങ്ങാട്: ഇക്കുറിയും പതിവ് തെറ്റിയില്ല. കേരള കോൺഗ്രസുകളുടെ അവകാശവാദങ്ങളുടെ തുടർക്കഥയിൽ ഇടത്, വലത് മുന്നണികളും. കടപ്ലാമറ്റം പഞ്ചായത്താണ് ഇക്കുറി വേദി. വിഷയം റോഡ് വികസനം തന്നെ. വെമ്പള്ളി-വയലാ-കുമ്മണ്ണൂർ റോഡിന്റെ റീടാറിംഗാണ് പുതിയ വിഷയം.
ഈ റോഡ് ബിഎംബിസി ടാറിംഗ് അടുത്ത ദിവസം ആരംഭിക്കുമെന്ന പ്രസ്താവനയുമായി ആദ്യം രംഗത്തെത്തിയത് എൽഡിഎഫ് നേതൃത്വമാണ്. എൽഡിഎഫ് നിയോജകമണ്ഡലം നേതാവ് തോമസ് ടി. കീപ്പുറവും സിപിഎം പാലാ ഏരിയ നേതാവ് പി.എം. ജോസഫുമാണ് അറിപ്പുമായി ആദ്യമെത്തിയത്. ജോസ് കെ. മാണി എംപിയടക്കമുള്ള എൽഡിഎഫ് നോതാക്കളുടെ ശ്രമഫലമായാണ് റോഡ് വികസനം യാഥാർഥ്യമായതെന്നായിരുന്നു അവകാശവാദം.
ഇതിനുപിന്നാലെ റോഡ് വികസനം ആരംഭിക്കുമെന്ന അറിയിപ്പുമായി മോൻസ് ജോസഫ് എംഎൽഎയും രംഗത്തെത്തി. 21, 22 തീയതികളിൽ വികസനം ആരംഭിക്കുമെന്ന് പൊതുമരാമത്ത് അറിയിച്ചതായി എൽഡിഎഫ് അറിയിച്ചപ്പോൾ ഇതേ തീയതികളിൽ വികസനം തുടങ്ങാൻ നിർദേശം നൽകിയതായാണ് എംഎൽഎയുടെ അറിയിപ്പ്.
ജനങ്ങളുടെ ദുരിതം
മൂന്നു വർഷം
വെമ്പള്ളി-വയലാ-കുമ്മണ്ണൂർ റോഡിലെ ദുരിതയാത്ര തുടങ്ങിയിട്ട് മൂന്നു വർഷമായി. തകർന്ന റോഡിലൂടെ നടുവൊടിച്ച യാത്ര മൂന്നു വർഷമായി തുടർന്നതോടെ ജനം കടുത്ത പ്രതിഷേധത്തിലും ദുരിതത്തിലുമായിരുന്നു. വികസനം സംബന്ധിച്ച് അവകാശവാദങ്ങൾ ആര് ഉന്നയിച്ചാലും വേണ്ടില്ല, ദുരിതയാത്രയ്ക്ക് അന്ത്യംവന്നാൽ മതിയെന്നാണ് സാധാരണ ജനങ്ങളുടെ നിലപാട്.
പ്രതിഷേധവുമായി
യുഡിഎഫ്
കടപ്ലാമറ്റം: മൂന്നു വർഷമായി തകർന്നുകിടന്ന വെമ്പള്ളി-വയലാ-കടപ്ലാമറ്റം-കുമ്മണ്ണൂർ റോഡ് നന്നാക്കുന്ന കാര്യത്തിൽ തിരിഞ്ഞുനോക്കിയിട്ടില്ലാത്തവർ നിർമാണജോലിയുടെ പിതൃത്വം ഏറ്റെടുക്കുന്നത് രാഷ്ട്രീയ അപഹാസ്യമാണെന്ന് യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ മാഞ്ഞൂർ മോഹൻകുമാർ, കേരള കോൺഗ്രസ് കാണക്കാരി മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറ, കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ് തോമസ് ആൽബർട്ട് എന്നിവർ ആരോപിച്ചു.
സർക്കാർ അനാസ്ഥമൂലം റോഡ് മോശമായി കിടക്കുമ്പോൾ എംഎൽഎയെ കുറ്റംപറയുകയും എംഎൽഎയുടെ നിരന്തര ഇടപെടലിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് ടാറിംഗ് ആരംഭിക്കുമ്പോൾ ക്രെഡിറ്റെടുക്കാൻ ഓടിയെത്തുകയും ചെയ്യുന്ന എൽഡിഎഫ് നേതാക്കളുടെ നിലപാട് തികച്ചും ലജ്ജാകരമാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.