ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി; ജില്ലയില്‍ ഒരുങ്ങുന്നത് ആറു കളിക്കളങ്ങള്‍
1544017
Sunday, April 20, 2025 11:30 PM IST
കോട്ടയം: ജില്ലയുടെ കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തില്‍ ഒന്‍പത് വര്‍ഷത്തിനിടെയുണ്ടായത് വന്‍ മുന്നേറ്റം. ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍, ടര്‍ഫ്, സ്വിമ്മിംഗ് പൂള് തുടങ്ങി കായികമേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. കായികവകുപ്പിനു കീഴില്‍ നിരവധി പദ്ധതികള്‍ ജില്ലയില്‍ പൂര്‍ത്തീകരണത്തിലേക്കു കടക്കുകയാണ്. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ ആറ് കളിക്കളങ്ങളാണ് ജില്ലയില്‍ ഒരുങ്ങുന്നത്.
6.97 കോടി രൂപ ചെലവഴിച്ച് ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് കുതിപ്പു പകരുന്ന ആറു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 3.50 കോടി രൂപ ചെലവില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയം അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു. ഭരണങ്ങാനത്ത് സ്വിമ്മിംഗ് പൂള് നിര്‍മാണവും പൂര്‍ത്തിയായി. പാലായിലും കോട്ടയത്തും സ്പോര്‍ട്സ് ഫിറ്റ്നസ് സെന്ററുകളില്‍ വ്യായാമ ഉപകരണങ്ങള്‍ ലഭ്യമാക്കി. കൂടാതെ പാലാ ഫിറ്റ്നസ് സെന്ററില്‍ ഇന്റീരിയര്‍ വര്‍ക്കും നടത്തി. എംജി യൂണിവേഴ്സിറ്റിയില്‍ നാച്ചുറല്‍ ടര്‍ഫ് നിര്‍മാണവും പൂര്‍ത്തിയാക്കി.
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വൈക്കം അക്കരപ്പാടം ഗവണ്മെന്റ് സ്കൂളിലും മണിമല പഞ്ചായത്തിലുമുള്ള കളിക്കളങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. പൂഞ്ഞാര്‍, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളിലെ കളിക്കളങ്ങളുടെ നിര്‍മാണം നടന്നുവരുന്നു. കടുത്തുരുത്തിയില്‍ ഉടന്‍ തുടങ്ങും.
വൈക്കത്ത് വെള്ളൂരിലുള്ള പെരുംതട്ട് സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാഞ്ഞിരപ്പള്ളി കെ. നാരായണക്കുറുപ്പ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വൈക്കം ഗവണ്മെന്റ് ബോയ്സ് സ്കൂള്‍, വൈക്കം വെസ്റ്റ് വിഎച്ച്എസ്എസ് സ്കൂള്‍ എന്നിവിടങ്ങളിലെ കളിക്കള നിര്‍മാണങ്ങള്‍ ടെന്‍ഡര്‍ ചെയ്തു.
നവകേരള സദസില്‍ വന്ന ആവശ്യത്തെത്തുടര്‍ന്നു പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മാടപ്പാട്ട്, കൂവപ്പള്ളി, ചേന്നാട് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി തുക ലഭ്യമാക്കിയിട്ടുമുണ്ട്.