വൃക്ക മാറ്റിവയ്ക്കാൻ സുമനസുകളുടെ കനിവുതേടി യുവാവ്
1544250
Monday, April 21, 2025 7:04 AM IST
വൈക്കം: ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളിൽനിന്നു ചികിത്സാ സഹായം തേടുന്നു. മറവൻതുരുത്ത് ഇടവട്ടം റോസ് വില്ലയിൽ സനൂപ് സതീശനാ(35)ണ് ഇരു വൃക്കകളും തകരാറിലായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഓട്ടോ ഡ്രൈവറായ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഉടൻ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. അമ്മ വൃക്ക നൽകാൻ തയാറായി മുന്നോട്ടുവന്നെങ്കിലും ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിൽസയ്ക്കുമായി 20 ലക്ഷം രൂപ ചെലവു വരും. യുവാവിന്റെ ചികിത്സക്കായി ഇതിനകം നല്ലൊരു തുക ചെലവായതിനെത്തുടർന്ന് നിർധനകുടുംബം വലിയ കടബാധ്യതയിലായി.
കുടുംബത്തിന്റെ ദയനീയസ്ഥിതി കണക്കിലെടുത്ത് നാട്ടുകാർ സഹായഹസ്തം നീട്ടി മുന്നോട്ടുവന്നിട്ടുണ്ട്. പഞ്ചായത്ത് അംഗം പോൾ തോമസ് ചെയർമാനായും ആർ. അനീഷ് കൺവീനറായും ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
യൂണിയൻ ബാങ്കിന്റെ കുലശേഖരമംഗലം ശാഖയിൽ ഇതിനായി അക്കൗണ്ട് തുറന്നു. A/C No - 283412 010001420 IFSC - UBINO828343.