ജില്ലയിൽ സാധാരണക്കാരന് കൈത്താങ്ങായി സഹകരണവകുപ്പ്
1543966
Sunday, April 20, 2025 6:22 AM IST
കോട്ടയം: സാമ്പത്തിക രംഗത്ത് സാധാരണക്കാരന് കൈത്താങ്ങായി സഹകരണവകുപ്പ്. വകുപ്പിനുകീഴില്‍ സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജില്ലയില്‍ നടപ്പാക്കിയത് അനവധി വികസന, ക്ഷേമ പദ്ധതികള്‍. സഹകരണ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്കു പുറമേ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും താങ്ങാകുന്ന പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കി.
രോഗബാധിതരായ സഹകരണ സംഘാംഗങ്ങള്‍ക്കായി അംഗ സമാശ്വാസ പദ്ധതി, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ ഹോം പദ്ധതി, കുട്ടികളുടെ പഠനത്തിന് വിദ്യാതരംഗിണി വായ്പാ പദ്ധതി, സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളായിരുന്ന അശരണരായവര്‍ക്ക് സഹകാരി സാന്ത്വനം പദ്ധതി, വഴിയോരക്കച്ചവടക്കാര്‍ക്കും ഓട്ടോറിക്ഷാ വാങ്ങാനാഗ്രഹിക്കുന്നവര്ക്കുമായി സഹായഹസ്തം വായ്പാ പദ്ധതി,
വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും കോഴ്സ് ഫീസ് വായ്പയായി നല്കുന്ന നൈപുണ്യ വായ്പാ പദ്ധതി, ബ്ലേഡ് മാഫിയയുടെ ചൂഷണത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനുള്ള മുറ്റത്തെ മുല്ല പദ്ധതി, തീരദേശ ജില്ലകളിലെയും ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തുന്ന മേഖലകളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ അനുവദിക്കുന്ന സ്നേഹതീരം പദ്ധതി തുടങ്ങിയവ നല്കിയ ആശ്വാസം ചെറുതല്ല.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനു കീഴില്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ മ്യൂസിയം അക്ഷരത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം 2024 നവംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
2018-ലെ പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സഹകരണ സംഘങ്ങള്‍ക്ക് പുനരുദ്ധാരണ പദ്ധതി പ്രകാരം 36.81 ലക്ഷം രൂപയും വൈക്കം മണ്ഡലത്തിലെ സംഘങ്ങള്‍ക്ക് 12.21 ലക്ഷം രൂപയും കോട്ടയം മണ്ഡലത്തിലെ സംഘങ്ങള്‍ക്ക് 3.75 ലക്ഷം രൂപയും അനുവദിച്ചു. ഇതോടൊപ്പം ആറു മണ്ഡലങ്ങളിലായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ ഹോം പദ്ധതിയിലൂടെ മൊത്തം 83 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്കി.
അംഗ സമാശ്വാസ പദ്ധതി പ്രകാരം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മാത്രം 1,72,55,000 രൂപയുടെ സഹായം രോഗബാധിതരായ സഹകരണ സംഘാംഗങ്ങള്‍ക്ക് നല്കി. കടുത്തുരുത്തിയില്‍ 1,15,20,000 രൂപയും കോട്ടയം മണ്ഡലത്തില്‍ 56,30,000 രൂപയും കാഞ്ഞിരപ്പള്ളിയില്‍ 65,25,000 രൂപയും ചങ്ങനാശേരിയില്‍ 87,70,000 രൂപയും പാലായില്‍ 1,19,25,000 രൂപയും പുതുപ്പള്ളിയില്‍ 80,25,000 രൂപയും പൂഞ്ഞാറില്‍ 61,20,000 രൂപയും വൈക്കത്ത് 95,65,000 രൂപയും നല്കി.
ജില്ലയിലെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളായിരുന്ന അശരണരായ ദുരിതബാധിതര്‍ക്ക് സഹകാരി സാന്ത്വനം പദ്ധതിയുടെ കീഴില്‍ 7.7 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്.
ഭക്ഷ്യ-കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള സുഭിക്ഷ കേരളം പദ്ധതി സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കി വരികയാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ കര്‍ഷകരെ സഹായിക്കുന്നതിനായി ആധുനിക റൈസ് മില്ലുകളും ഗോഡൗണും സ്ഥാപിക്കുന്ന പദ്ധതിപ്രകാരം കേരളാ പാഡി പ്രൊക്യുയര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചത് നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി.