കര്‍ഷകരെ വലച്ച് മില്ലുകാര്‍ : കല്ലറ മാലിക്കരിയില് നെല്ല് സംഭരിക്കാന്‍ നടപടികളില്ല
1543976
Sunday, April 20, 2025 6:28 AM IST
കടുത്തുരുത്തി: “വായ് തുറന്നാല്‍ നാഴികയ്ക്കു നാല്പതുവട്ടം കര്‍ഷകരെ സംരക്ഷിക്കുമെന്നു പറയുന്ന മന്ത്രിയും സര്‍ക്കാരും ഉദ്യോഗസ്ഥരും എന്തേ ഞങ്ങളെ കാണാതെ പോകുന്നേ... അതോ ഞങ്ങളാരും കര്‍ഷകരല്ലേ.. ഞങ്ങളുടെ അധ്വാനത്തിനു വിലയില്ലേ... മുട്ടാത്ത വാതിലുകളില്ല, കാണാത്ത ഉദ്യോഗസ്ഥരില്ല. കളക്ടറെ വരെ കണ്ടു. എന്നിട്ടും നെല്ല് എടുക്കാന്‍ നടപടികളില്ല.” കല്ലറ മാലിക്കരി പാടശേഖരത്തെ കര്‍ഷകരുടെ നിരാശ പടര്‍ന്ന വാക്കുകളാണിത്.
ഇവരുടെ വാക്കുകളില്‍ നിഴലിക്കുന്നത് ദേഷ്യവും സങ്കടവും മാത്രമല്ല.. ഇനിയൊരിക്കലും നെല്ക്കൃഷിക്കില്ലെന്ന പ്രഖ്യാപനംകൂടിയാണ്. കൊയ്തെടുത്ത 45 ടണ്‍ നെല്ലാണ് 32 ദിവസമായി പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. 13 ലക്ഷം രൂപയുടെ നെല്ലാണ് സപ്ലൈകോയ്ക്കുവേണ്ടി നെല്ലു സംഭരിക്കുന്ന മില്ലുകാരുടെ പിടിവാശിമൂലം പാടത്ത് കിടന്നു നശിക്കുന്നത്.
40 കര്‍ഷകരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. ആദ്യം 23 കിലോ കിഴിവ് (താര) ആണ് 100 കിലോ നെല്ല് സംഭരിക്കാന്‍ മില്ലുകാര്‍ ആവശ്യപ്പെട്ടത്. ഇത് കര്‍ഷകര്‍ സമ്മതിച്ചില്ല. പതിര് ഒഴിവാക്കിത്തന്നാല്‍ കിഴിവില്ലാതെ നെല്ല് സംഭരിക്കാമെന്ന് മില്ലുകാര്‍ പറഞ്ഞു. ഇതോടെ കര്‍ഷകര്‍ മെഷീന് കൊണ്ടുവന്ന് നെല്ലിലെ പതിര് നീക്കം ചെയ്തു.
പിന്നീടു വന്ന പാഡി മാര്‍ക്കറ്റിംഗ് ഓഫീസിലെ ഉദ്യോഗസ്ഥരും മില്ലുകാരും പറയുന്നത് ഇനിയും പതിര് ധാരാളം ഉണ്ടെന്നും നെല്ലിന് കറവലുണ്ടെന്നുമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇനിയെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് കര്‍ഷകര്‍ പറയുന്നു.
ഒരു മാസമായി നെല്ല് കേടുവരാതെ കാത്തുസൂക്ഷിക്കാനായി പാടത്തുതന്നെയാണ് കര്‍ഷകര്‍. ദിവസം കഴിയുന്തോറും കൊയ്തെടുത്ത നെല്ല് പാടത്തുതന്നെ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
താരത്തര്ക്കത്തെത്തുടര്ന്നാണ് കല്ലറയിലെ മാലിക്കരി പാടശേഖരത്ത് നെല്ലുസംഭരണം പ്രതിസന്ധിയിലായിരിക്കുന്നത്. കൊയ്തെടുത്ത 45 ടണ്‍ നെല്ലാണ് സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകാരുടെ അനാസ്ഥ കൊണ്ട് പാടത്ത് കിടന്ന് നശിക്കുന്നത്. രണ്ടാഴ്ച്ചയായി നെല്ല് പാടത്ത് കിടക്കുകയാണ്. കര്‍ഷകരെല്ലാം നെല്ല് സംരക്ഷിക്കാന്‍ മുഴുവന്‍ സമയത്തും പാടത്തുതന്നെയാണ്.വേനല്‍മഴ ശക്തമായതോടെ ഏല്ലാവരും ആശങ്കയിലാണെന്ന് കര്‍ഷകരായ മഹേഷ്കുമാര്‍, ജോസ് മാത്യു, വിനോദ് എന്നിവര്‍ പറഞ്ഞു.
രണ്ടു മില്ലുകാര്‍ ഇതിനോടകം നെല്ല് നോക്കാനായി വന്നു. 23 കിലോ താര (കിഴിവ്) ആണ് 100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ മില്ലുകാര്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകനായ പി.ടി. സലി പറഞ്ഞു. ഇതിനു കാരണമായി അവര്‍ പറയുന്നത് നെല്ലില്‍ പതിരുണ്ടെന്നാണ്. കൃഷിയിറക്കാനായി വിത്ത് വാങ്ങിച്ചത് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നാണ്. വിത്തിനായി ഗവേഷണകേന്ദ്രം ഇവിടെനിന്ന് ഒരാഴ്ച മുമ്പ് 42 ടണ്‍ നെല്ല് സംഭരിച്ചിരുന്നു. യാതൊരുവിധ പരാതികളും ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ല.
പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ചുമതലപ്പെടുത്തുന്ന മില്ലുകാരുടെ ഏജന്റുമാരാണ് ഉയര്‍ന്ന താര ചോദിച്ച് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നതെന്നു കര്‍ഷകര്‍ പറഞ്ഞു.
പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ മില്ലുകാര്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരുകിലോ താരപോലും വാങ്ങാതെയാണ് മില്ലുകാര്‍ ഇവിടുത്തെ നെല്ല് സംഭരിച്ചത്. 253 ഏക്കര്‍ വരുന്ന കല്ലറയിലെ ഏറ്റവും വലിയ പാടശേഖരമാണ് മാലിക്കരി. 90 ദിസം വളര്‍ച്ചയുള്ള മണിരത്ന വിത്താണ് വിതച്ചത്. 105 ദിവസം തികഞ്ഞശേഷമാണ് കൊയ്തത്. പാട്ടത്തിനെടുത്ത വസ്തുവിലാണ് കര്‍ഷക ൂട്ടായ്മ കൃഷി നടത്തിയത്.