തെരുവുനായ വന്ധ്യംകരണം: ജില്ലയില്‍ അഞ്ച് എബിസി കേന്ദ്രങ്ങള്‍കൂടി തുടങ്ങുന്നു
1543710
Sunday, April 20, 2025 12:05 AM IST
കോട്ടയം: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനു കൂടുതല്‍ എബിസി സെന്ററുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും. നിലവില്‍ കോട്ടയം കോടിമതയില്‍ മാത്രമാണ് എബിസി കേന്ദ്രം പ്രവൃത്തിക്കുന്നത്. വാഴൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, പാലാ, വാകത്താനം എന്നിവിടങ്ങളിലാണ് പുതിയ എബിസി സെന്ററുകള്‍ തുടങ്ങാന്‍ പോകുന്നത്.
വാഴൂരിലും തലയോലപ്പറമ്പിലും നിലവിലെ മൃഗാശുപത്രിക്കു സമീപമാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പ് ഇവിടങ്ങളില്‍ 25 സെന്റ് സ്ഥലം വീതം അനുവദിച്ചിട്ടുണ്ട്. വാകത്താനത്തും മൃഗാശുപത്രിക്കു സമീപം മൃഗ സംരക്ഷണ വകുപ്പിന്റെ സ്ഥലമുണ്ട്. ഉദയനാപുരത്ത് പഞ്ചായത്തുമായി ചേര്‍ന്നാണ് സെന്റര്‍ തുടങ്ങുന്നത്.
പാലായില്‍ ഡമ്പിംഗ് യാര്‍ഡായി ഉപയോഗിച്ച സ്ഥലമാണ് സെന്ററിനായി കണ്ടെത്തിയിരിക്കുന്നത്. തെരുവുനായ വന്ധ്യംകരണത്തിനു ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഓരോ ബ്ലോക്കിലും ഒരു സെന്റര്‍ എന്നായിരുന്നു തീരുമാനമെടുത്തിരുന്നത്. പല തദ്ദേശസ്ഥാപനങ്ങളും ഉയര്‍ന്ന സാമ്പത്തിക ചെലവ് വഹിക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് സെന്റര്‍ തുടങ്ങാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് ജില്ലാ ആസൂത്രണ സമിതി എല്ലാ തദ്ദേശസ്ഥാപനങ്ങളും ഒമ്പതു മുതല്‍ 13 ലക്ഷം വരെ എബിസി സെന്ററിനായി നീക്കിവയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുതായി അഞ്ചിടങ്ങളില്‍ എബിസി സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനമായിരിക്കുന്നത്.
ഒരു എബിസി സെന്ററിന് 75 ലക്ഷം രൂപയെങ്കിലും ചെലവ് വേണ്ടിവരും. ജില്ലാ പഞ്ചായത്തും പള്ളം ബ്ലോക്കും കോട്ടയം നഗരസഭയും സഹകരിച്ചാണ് കോടിമത സെന്റര്‍ 2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതു വരെ ഇവിടെ 1,732 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു.
ജില്ലയിലാകെ 15,000- ത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. അഞ്ച് സെന്ററുകള്‍കൂടി തുടങ്ങാനായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാനാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു.