കരിയാർ സ്പിൽവേയും ഓരുമുട്ടുകളും തുറക്കണമെന്ന്
1543975
Sunday, April 20, 2025 6:22 AM IST
തലയാഴം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നിട്ടും കരിയാർ സ്പിൽവേയുടെ ഷട്ടർ തുറക്കാത്തതിൽ പ്രതിഷേധം രൂക്ഷം. മാസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നതു മൂലം മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്.
വൈക്കത്തെ ഉൾപ്രദേശങ്ങളുമായി ബന്ധപ്പെട്ടതോടുകൾക്കു കുറുകെ തീർത്ത ഓരുമുട്ടുകളും പൊളിച്ചുനീക്കിയിട്ടില്ല. മത്തുങ്കൽ,ആമയിട, തോട്ടുവക്കം, വടയാർ, അഞ്ചുമന, മഴുഞ്ചേരി ഉദയനാപുരം, ടി.വി. പുരം, വെച്ചൂർ, തലയാഴംതുടങ്ങിയ പ്രദേശങ്ങളിലെ ഒാരുമുട്ടുകളും നീക്കം ചെയ്യാത്തതിനാൽ ജലാശയങ്ങൾ മലിനമായി സാംക്രമിക രോഗ ഭീഷണിയിലാണ്. മലിനീകരണം കടുത്തതോടെ മത്സ്യങ്ങളും ചത്തുപൊങ്ങുന്നു.
മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും നീരൊഴുക്ക് വർധിപ്പിക്കുന്നതിനും കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ തുറക്കുകയും ഓരു മുട്ടുകൾ നീക്കുകയും ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ എഐടിയുസി. ജില്ലാ സെക്രട്ടറി ഡി. ബാബു ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു.