കണ്ണീർ ഓർമയായി ജിസ്മോളും മക്കളും
1543706
Sunday, April 20, 2025 12:04 AM IST
പാലാ: കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് മീനച്ചിലാറ്റില്‍ പള്ളിക്കുന്ന് കടവില്‍ മക്കളോടൊത്ത് ചാടി ആത്മഹത്യ ചെയ്ത ജിസ്മോളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഇടവകയായ പൈങ്ങളം ചെറുകര പള്ളിയിലായിരുന്നു സംസ്കാരം.
ജിസ്മോളുടെ അമ്മയെ അടക്കം ചെയ്ത കല്ലറയിലാണ് മൂവര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്. പൗരപ്രമുഖരും പൊതു പ്രവര്‍ത്തകരുമടക്കം നിരവധിപ്പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇടവക പള്ളിയിലും ഭവനത്തിലും എത്തിയത്. ഇന്നലെ രാവിലെ നീറിക്കാട് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചിരുന്നു. മൂന്ന് ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ പള്ളിയങ്കണത്തില്‍ എത്തിച്ചത്.
ജിസ്മോളുടെയും മക്കളായ നേഹ (നാല്), നോറ (രണ്ട്) എന്നിവരുടെയും മൃതദേഹങ്ങള്‍ പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ ഇടവക സമൂഹവും നീറിക്കാട് ഗ്രാമവും കണ്ണീര് പ്രണാമം അര്‍പ്പിച്ചു. വലിയ പോലീസ് സാന്നിധ്യത്തിലായിരുന്നു മൃതദേഹങ്ങള്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ക്കരികില്‍ ജിസ്മോളുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ പ്രതിഷേധ ശബ്ദം ഉയര്‍ന്നെങ്കിലും മധ്യസ്ഥ ശ്രമത്തില്‍ ശാന്തമാവുകയായിരുന്നു.