ലൈഫ് മിഷൻ: ജില്ലയിൽ നിർമിച്ചത് 16,937 വീടുകൾ
1543705
Sunday, April 20, 2025 12:04 AM IST
കോട്ടയം: ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ ഒൻപത് വർഷത്തിനുള്ളിൽ നിർമിച്ചത് 16,937 വീടുകൾ. ഒൻപത് നിയമസഭാ മണ്ഡലങ്ങളിലുമായി 940.93 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 3,048 വീടുകൾക്കായി 119.74 കോടി രൂപയും വൈക്കത്ത് 2865 വീടുകളുടെ നിർമാണത്തിനായി 109.65 കോടിയും മുടക്കി. 1,913 വീടുകൾക്കായി പാലാ മണ്ഡലത്തിൽ 146.93 കോടിയും ഏറ്റുമാനൂർ മണ്ഡലത്തിൽ 1,868 വീടുകൾക്കായി 77.60 കോടിയും വിനിയോഗിച്ചു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 1,824 വീടിനായി 146.01 കോടിയാണ് ചെലവഴിച്ചത്.
1,676 വീടുകൾ നിർമിക്കുന്നതിനായി കടുത്തുരുത്തി മണ്ഡലത്തിൽ 62.70 കോടി രൂപയും പുതുപ്പള്ളിയിലെ 1,216 വീടുകൾക്കായി 54.55 കോടിയും ചങ്ങനാശേരി നിയോജക മണ്ഡത്തിലെ 1,159 വീടുകൾക്കായി 146.01 കോടിയും സർക്കാർ ചെലവഴിച്ചു.
ഭൂരഹിതർക്ക് ഭവനനിർമാണത്തിന് ഭൂമി വാങ്ങുന്നതിനായി ഒൻപത് മണ്ഡലങ്ങളിലായി 1,927 ഉപയോക്താക്കൾക്ക് 38.57 കോടി രൂപ സർക്കാർ നൽകി. കാഞ്ഞിരപ്പള്ളി-390 പേർക്ക് 7.98 കോടി, പൂഞ്ഞാർ-372 പേർക്ക് 7.5 കോടി, പാലാ-256 പേർക്ക് 4.8 കോടി, പുതുപ്പള്ളി-267 പേർക്ക് 5.49 കോടി, ചങ്ങനാശേരി-187 പേർക്ക് 3.5 കോടി, ഏറ്റുമാനൂർ-160 പേർക്ക് 3.21 കോടി, കടുത്തുരുത്തി-157 പേർക്ക് 3.16 കോടി, കോട്ടയം-73 ഗുണഭോക്താക്കൾക്കായി 1.48 കോടി, വൈക്കം- 65 പേർക്ക് 1.3 കോടി എന്നിങ്ങനെയാണ് സർക്കാർ ചെലവഴിച്ചത്.