ബ്ലോക്ക് മെംബറുടെ സ്മരണയ്ക്കായി പാലം നിർമാണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1543699
Sunday, April 20, 2025 12:04 AM IST
കാഞ്ഞിരപ്പള്ളി: അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സ്മരണയ്ക്കായി പാലം നിർമാണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആനക്കല്ല് ഡിവിഷനംഗമായിരുന്ന വിമല ജോസഫിന്റെ സ്മരണ നിലനിർത്താനാണ് മഞ്ഞപ്പള്ളി-എറികാട് റോഡിൽ ചിറ്റാർപുഴയുടെ കൈത്തോടായ ആനക്കല്ല് തോടിന് കുറുകെ പാലം നിർമിക്കുന്നത്.
മുൻ പഞ്ചായത്തംഗവും വൈസ് പ്രസിഡന്റുമായായിരുന്ന വിമല ജോസഫ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമായിരിക്കേ രോഗബാധിതയായാണ് മരണമടയുന്നത്. അവസാന ടേമിൽ പ്രസിഡന്റാകാനിരിക്കേയായിരുന്നു വിമലയുടെ അപ്രതീക്ഷിത വേർപാട്.
ഇപ്പോൾ വിമലയുടെ ഓർമയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്താണ് ഇവരുടെ സ്വന്തം നാട്ടിൽ തന്നെ പാലത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത്. വിമല ജോസഫ് ഏറെ ആഗ്രഹിച്ചിരുന്നതാണ് സ്വന്തം നാട്ടിലെ തകർന്നു വീഴാറായ പാലത്തിന് പകരമായി പുതിയൊരു പാലമെന്നത്. ഇതാണ് ഇവരുടെ വിയോഗത്തിന് ശേഷം സഹപ്രവർത്തകർ ചേർന്ന് യാഥാർഥ്യമാക്കാനാരംഭിച്ചിരിക്കുന്നത്.
ജില്ലാ, ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. പദ്ധതിയുടെ ടെൻഡർ ഏറ്റെടുത്ത കരാറുകാരൻ നിർമാണത്തിന് മുന്നോടിയായി ഇവിടെയുണ്ടായിരുന്ന പഴയപാലം പൊളിച്ച് നീക്കിക്കഴിഞ്ഞു. മുന്‍പുണ്ടായിരുന്ന പാലത്തിന്റെ തൂണുകൾ തോടിന്റെ മധ്യഭാഗത്തായിരുന്നു. ഇത് ഒഴുക്ക് തടസപ്പെടാനും മരക്കമ്പുകളടക്കം വന്നടിയാനും കാരണമായിരുന്നു. പുതിയ പാലം നിർമിക്കുമ്പോൾ ഇതൊഴിവാക്കിയാകും നിർമാണം. മുന്പുണ്ടായിരുന്നതിനേക്കാൾ വീതി കൂട്ടിയും വെള്ളം കയറാതിരിക്കാൻ ഒരു മീറ്റർ കൂടി ഉയർത്തിയുമാകും പുതിയ പാലം നിർമിക്കുക.