മണ്ണിടിച്ചിൽ: ഭീമൻ കല്ല് വീണ് റോഡ് തകർന്നു
1543694
Sunday, April 20, 2025 12:04 AM IST
മേലുകാവ്: മേലുകാവ് പഞ്ചായത്തിലുണ്ടായ ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരംകവല-നീലൂർ റോഡിൽ എള്ളുംപുറം പള്ളിക്കു സമീപം വെള്ളിയാഴ്ച രാത്രിയിലാണ് മണ്ണിടിഞ്ഞത്. മണ്ണിനോടൊപ്പം ഉരുണ്ടെത്തിയ കല്ല് വീണ് റോഡിന് തകരാർ സംഭവിച്ചു. റോഡിലെ ടാറിംഗ് വിള്ളുകയും ഇടഞ്ഞു താഴുകയും ചെയ്തു.
മാന്തോട്ടത്തിൽ ബോബിയുടെ പുരയിടത്തിലെ മണ്ണാണ് ഇടിഞ്ഞത്. കളപ്പുരയ്ക്കൽ ബേക്കറിന്റെ പുരയിടത്തിലും നാശനഷ്ടം സംഭവിച്ചു. ചെറുവാഹനങ്ങൾക്കു മാത്രമാണ് ഇപ്പോൾ റോഡിലൂടെ കടന്നുപോകാൻ സാധിക്കുന്നത്.
കല്ല് പൊട്ടിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനൂക്കുന്നേൽ, മെംബർ പ്രസന്ന സോമൻ എന്നിവർ അറിയിച്ചു.