പീഡാനുഭവസ്മരണയില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് ആയിരങ്ങള്‍
1543693
Sunday, April 20, 2025 12:04 AM IST
അരുവിത്തുറ വല്യച്ചൻമലയിൽ
അരുവിത്തുറ: ഈശോയുടെ പീഡാനുഭവ സ്മരണയിൽ അരുവിത്തുറ വല്യച്ചൻമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമുതൽ വല്യച്ചൻമലയിലേക്കു വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഏഴിന് അരുവിത്തുറ പള്ളിയിൽ പീഡാനുഭവ ശുശ്രൂഷകൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി.
പീഡാനുഭവയാത്ര അനുസ്മരിച്ച് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടത്തി. ഒന്പതിനു പള്ളിയിൽനിന്നു കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു. മലമുകളിൽ ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. ജോൺ കണ്ണന്താനം പീഡാനുഭവ സന്ദേശം നൽകി.
ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ഏബ്രഹാം കുഴിമുള്ളിൽ, ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കൻ ജസ്റ്റിൻ പവ്വത്ത് ഒഎസ്ബി തുടങ്ങിയവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.
പാലാ ളാലം പള്ളിയിൽ
പാലാ: പീഡാനുഭവസ്മരണയില്‍ കോരിച്ചോരിയുന്ന മഴയെ അവഗണിച്ച് ടൗണ്‍ ചുറ്റിയുള്ള കുരിശിന്റെ വഴിയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്കിയ പാനവായനയ്ക്കു ശേഷമാണ് കുരിശിന്റെ വഴി ആരംഭിച്ചത്. വികാരി ഫാ.ജോസഫ് തടത്തില്‍ നേതൃത്വം നല്കി.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട് സന്ദേശം നല്കി. പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരില്‍, സഹ വികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ ടോം ഞാവള്ളി തെക്കേല്‍, പ്രഫ. തങ്കച്ചന് മാത്യു, മാണി കുന്നംകോട്ട്, ബേബിച്ചന് ചക്കാലക്കല്‍, കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്കി.