മുണ്ടക്കയം കാമറാ നിരീക്ഷണത്തിലേക്ക്; ആദ്യഘട്ടത്തിൽ നാലു കാമറകൾ സ്ഥാപിക്കും
1494934
Monday, January 13, 2025 10:37 PM IST
മുണ്ടക്കയം: ദീർഘനാളത്തെ ആവശ്യത്തിനും പരിശ്രമത്തിനുമൊടുവിൽ മുണ്ടക്കയം മേഖലയും കാമറാ നിരീക്ഷണത്തിലേക്ക്. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനും വർധിച്ചുവരുന്ന ലഹരിമരുന്നിന്റെ വിതരണവും ഉപയോഗവും തടയുന്നതിനും മോഷണം, അടിപിടി അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളെ വേഗത്തിൽ കണ്ടെത്തുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തിൽ നാലു കാമറകളാണ് സ്ഥാപിക്കുക. പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ തള്ളുന്ന പുലിക്കുന്ന് ഇല്ലിക്കൂപ്പ്, മുണ്ടക്കയം ബൈപാസിൽ വെള്ളനാടി കവലയിലെ പാലത്തിനു സമീപം, കൂട്ടിക്കൽ റോഡിൽ പറത്താനം കവലയ്ക്കു സമീപം, മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടം എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ടത്തിൽ കാമറകൾ സ്ഥാപിക്കുന്നത്. ഇതിനായി 10 ലക്ഷം രൂപയാണ് വിനിയോഗിക്കുക. കെൽട്രോണിനാണ് നിർമാണ, സംരക്ഷണ ചുമതലകൾ.
പഞ്ചായത്ത് ഓഫീസിൽ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ക്രോഡീകരിച്ചു ശേഖരിക്കും. ആവശ്യമായ സമയങ്ങളിൽ പോലീസുമായി സഹകരിച്ചു ദൃശ്യങ്ങൾ വീണ്ടെടുക്കും. പഞ്ചായത്തിൽ ഇതിനായി ഒരു ജീവനക്കാരനെ നിയോഗിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, പഞ്ചായത്തംഗങ്ങളായ സി.വി. അനിൽ കുമാർ, ദിലീഷ് ദിവാകരൻ എന്നിവർ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ ടൗണിന്റെ വിവിധ മേഖലകളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെയടക്കം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിനും സാധിക്കും. ഒപ്പം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരള പദ്ധതിയുടെ മുണ്ടക്കയം പ്രദേശത്തെ പൂർത്തീകരണത്തിനും കാമറ കണ്ണുകൾ ഉപകരിക്കും.