ഇപ്പൊ ശരിയാക്കിത്തരാം... റോഡ് പൊളിച്ചിട്ട് മാസം അഞ്ച്
1494731
Sunday, January 12, 2025 11:37 PM IST
പാലാ: പൊട്ടങ്കില്‍-പരവനാടി ടാറിംഗ് റോഡ് ജെസിബി ഉപയോഗിച്ച് രണ്ടു കിലോമീറ്റര്‍ ഭാഗം പൊളിച്ചു നീക്കിയിട്ട് അഞ്ചു മാസം കഴിഞ്ഞിട്ടും തുടര്‍നടപടിയില്ല. ഉടന്‍ ടാറിംഗ് ആരംഭിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. കാല്‍നടക്കാര്‍ക്കു പോലും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി ഇപ്പോള്‍ റോഡ്.
കരൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ രണ്ടു വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തീകരിച്ച റോഡാണിത്. കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി കുടക്കച്ചിറ-പാലാക്കാട്ടുമല റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് റോഡ് പൊളിച്ചത്. ഓട്ടോറിക്ഷ പോലും ഓടിക്കാന്‍ കഴിയാത്തതു കൊണ്ടു പ്രായമായവര്‍ക്ക് ആശുപത്രിയില്‍ പോകുന്നതിനു പോലും ബുദ്ധിമുട്ടുകയാണ്.
ഒരു പതിറ്റാണ്ടിലേറെക്കാലമായി തകര്‍ന്നുകിടന്ന റോഡ് നിരവധി പരാതികളുടെയും സമരങ്ങളുടെയും ഫലമായി രണ്ടു വര്‍ഷം മുമ്പാണ് മാണി സി. കാപ്പന് എം എല്‍എയുടെ ഫണ്ടില്‍നിന്നു തുക അനുവദിച്ച് പൂര്‍ത്തീകരിച്ചത്. എന്നാല്‍ പഴയതിലും മോശമായ അവസ്ഥയില്‍ എത്തിയിരിക്കുകയാണ് റോഡ്. ഉടന്‍ തന്നെ ടാറിംഗ് പൂര്‍ത്തികരിച്ചു റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം സമരം നടത്താനും പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചു.