ശബരിമല തീർഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
1494979
Monday, January 13, 2025 11:53 PM IST
എലിക്കുളം: ആന്ധ്രാപ്രദേശിൽനിന്നും ശബരിമലയ്ക്ക് പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ ഇളങ്ങുളം പള്ളിക്കു സമീപം അരീച്ചാലിൽ എബിനെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.30ന് പാലാ - പൊൻകുന്നം റൂട്ടിൽ എലിക്കുളം അഞ്ചാംമൈലിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ എബിൻ പാലാ - പിണ്ണാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ആലിപ്പഴം (വളയത്തിൽ) എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ്.
കഴിഞ്ഞ ദിവസം ഇവിടെ വച്ച് ശബരിമലയ്ക്ക് പിതാവിനോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് കുട്ടികളെ എതിരേവന്ന പൊൻകുന്നം സ്വദേശിയായ യുവതി ഓടിച്ചിരുന്ന കാർ ഇടിച്ചുവീഴ്ത്തിയിരുന്നു.
അപകടങ്ങൾ തുടർച്ചയായതിനെത്തുടർന്ന് വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ ഇവിടെ പൊൻകുന്നം പോലീസിന്റെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും ചെയ്താണ്. എന്നിട്ടും അപകടമുണ്ടായത് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.