നാനാടം ചന്തയിൽ സെപ്റ്റിക് ടാങ്ക് ചോർന്ന് ദുർഗന്ധം രൂക്ഷമായി
1494922
Monday, January 13, 2025 7:09 AM IST
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ നാനാടം ചന്തയിൽ സെപ്റ്റിക് ടാങ്ക് ചോർന്ന് മാലിന്യം പുറത്തേക്ക് ഒഴുകിയതിനെത്തുടർന്ന് ദുർഗന്ധം രൂക്ഷമായി. മൂക്കുപൊത്താതെ ചന്തയുടെ പടിഞ്ഞാറു ഭാഗത്തുകൂടി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
മലിനീകരണം ശക്തമായിട്ട് മാസങ്ങളായെന്നു വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും പറഞ്ഞു. ചന്തയോട് ചേർന്നാണ് ചെറിയ തർക്കങ്ങളും മറ്റു പരാതികളും തീർപ്പാക്കുന്ന കോടതിയായ ഗ്രാമ ന്യായാലയം പ്രവർത്തിക്കുന്നത്. ഈ ഭാഗത്തു തന്നെയാണ് ഓട്ടോറിക്ഷാ സ്റ്റാൻഡും വ്യാപാരസ്ഥാപനങ്ങളുമുള്ളത്.
ചന്തയിലും വിവിധ സ്ഥാപനങ്ങളിലുമെത്തുന്നവർക്കും ഓട്ടോറിക്ഷാ ഡ്രൈവർമാരും പ്രാഥമികാവശ്യം നിർവഹിക്കുന്നതിന് ആശ്രയിക്കുന്നത് ഈ ടോയ്ലറ്റാണ്. മാലിന്യം പുറത്തേക്കൊഴുകുന്നതിനാൽ ടോയ്ലറ്റ് ഉപയോഗിക്കാനാകുന്നില്ല.
നിരവധി തവണ സെപ്റ്റിക് ടാങ്കിന്റെ ചോർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മലിനീകരണം തടയുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.