എംജി യൂണിവേഴ്സിറ്റിയിൽ പണിമുടക്ക് നോട്ടീസ് നൽകി
1494949
Monday, January 13, 2025 11:52 PM IST
അതിരമ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുന്നതിനെതിരേ സെറ്റോ സംഘടനകൾ 22 ന് നടത്തുന്ന സംസ്ഥാന പണിമുടക്കിന്റെ ഭാഗമായി എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ്കുമാറിന് പണിമുടക്ക് നോട്ടീസ് നൽകി.19 ശതമാനം കുടിശിക ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന ജീവനക്കാർ പണിമുടക്കുന്നത്.
എംപ്ലോയീസ് യൂണിയൻ പ്രസിന്റ് എൻ.എസ്. മേബിൾ, ജനറൽ സെക്രട്ടറി ജോസ് മാത്യു, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, സെറ്റോ ജില്ലാ കൺവീനർ ജോബിൻ ജോസഫ്, നേതാക്കളായ എൻ. നവീൻ, എസ്. പ്രമോദ്, ബിനോയ് സെബാസ്റ്റ്യൻ, കെ.വി. അരവിന്ദ്, ജെ. ഐസക്ക്, ബി. അർച്ചന എന്നിവർ നേതൃത്വം നൽകി.