കുടുംബബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണം: മാര്‍ ജോസ് പുളിക്കല്‍
1494977
Monday, January 13, 2025 11:53 PM IST
പൊടിമറ്റം: സമൂഹത്തിൽ കാരുണ്യത്തിന്റെ സാന്നിധ്യമായി കുടുംബബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇടവകദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ പുളിക്കല്‍.
മിശിഹാവർഷം 2025 ജൂബിലി ആഘോഷങ്ങളിലൂടെ പ്രത്യാശയുടെയും പ്രതീക്ഷകളുടെയും ലോകത്തിലേക്ക് ഫ്രാൻസിസ് പാപ്പാ നമ്മെ നയിക്കുന്നു. സഭാമക്കളുടെയും പൊതുസമൂഹത്തിന്റെയും വിവിധങ്ങളായ പ്രശ്നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്താനും പ്രതീക്ഷകള്‍ നല്കി പരിഹാരങ്ങള്‍ കണ്ടെത്താനും ഇടവക സംവിധാനങ്ങള്‍ക്കാകണം. പുതുതലമുറയെ സഭയോടും കുടുംബത്തോടും ചേര്‍ത്തുനിര്‍ത്താനുമുള്ള കര്‍മപദ്ധതികള്‍ ഇടവകകളില്‍ സജീവമാക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.
വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് കലാസന്ധ്യ നടത്തി. അസി. വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കൊല്ലക്കൊമ്പില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, സിസ്റ്റർ അര്‍ച്ചന എഫ്സിസി എന്നിവര്‍ നേതൃത്വം നല്കി.