മോഷണംപോയ ബൈക്ക് ഉടമയ്ക്ക് തിരിച്ചുകിട്ടിയതിനു പിന്നാലെ പിഴയൊടുക്കാൻ നോട്ടീസ്
1494919
Monday, January 13, 2025 6:59 AM IST
തലയോലപ്പറമ്പ്: വീട്ടുമുറ്റത്തിരുന്ന ബൈക്കുമായി കടന്നുകളഞ്ഞ മോഷ്ടാക്കൾ പോലീസിനെക്കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബൈക്ക് പോലീസ് സ്റ്റേഷനിലെത്തി വാങ്ങിയതിനു പിന്നാലെ ഉടമയ്ക്ക് ഹെൽമറ്റ് ധരിക്കാതെ മോഷ്ടാക്കൾ ബൈക്ക് ഓടിച്ചു പോയതിനു പിഴയടയ്ക്കാൻ നോട്ടീസ് ലഭിച്ചു.
വടയാർ പൊട്ടൻചിറ സ്വദേശിയുടെ ബൈക്കാണ് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തുനിന്ന് മോഷ്ടാക്കൾ അപഹരിച്ചത്. പിറ്റേന്നു രാവിലെ ഉടമ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത് അറിയുന്നത്. തുടർന്ന് ബൈക്ക്അന്വേഷിച്ച് നടക്കുന്നതിനിടെ ഉടമയെ പുത്തൻകാവ് പോലീസ് സ്റ്റേഷനിൽനിന്നും വിളിച്ചു ബൈക്ക് ലഭിച്ച കാര്യം പറഞ്ഞു.
രാത്രി പട്രോളിംഗിനിടെ പോലീസിനെക്കണ്ട് മോഷ്ടാക്കൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഉടമ സ്റ്റേഷനിലെത്തി രേഖകൾ നൽകി ബൈക്കുമായി മടങ്ങി. ദിവസങ്ങൾക്കുള്ളിൽ ഉടമയ്ക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിഴ ഒടുക്കാനുള്ള നോട്ടീസ് ലഭിച്ചു.
മോഷ്ടാക്കൾ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച് പോകുന്നതിന്റെ ദൃശ്യമടക്കം കാട്ടിയാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. കാമറയിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമായി കാണാവുന്ന ദൃശ്യങ്ങളാണ് പതിഞ്ഞിട്ടുള്ളത്. മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചതോടെ ഇവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.