പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഫ്രാന്‍സില്‍നിന്നുള്ള സംഘം
1494982
Monday, January 13, 2025 11:53 PM IST
പാലാ: മികവിന്റെ വിദ്യാലയമായ പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ അക്കാദമികവും കലാപരവും ശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ഫ്രാന്‍സിലെ ലാവലില്നിന്ന് 80 പേരടങ്ങുന്ന സംഘം സ്കൂളിലെത്തി. ഡോക്ടര്‍മാര്‍, എൻജിനിയര്‍മാര്‍, സ്കൂള്‍ അധ്യാപകര്‍, പ്രഫസര്‍മാര്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ സംഘത്തിലുണ്ട്.
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുമ്പുതന്നെ എത്തിയ സംഘം കുട്ടികള്‍ സ്കൂളിലെത്തുന്നതും മറ്റും സൂക്ഷ്മമായി വീക്ഷിച്ചു.സ്കൂള്‍ അസംബ്ലിയില്‍ പങ്കെടുക്കുകയും ഫ്രാന്‍സിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ലാവല്‍ രൂപത വികാരി ജനറാള്‍ ഫാ. ഡേവിഡ് കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരുമായി സംവദിച്ച് കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്കൂള്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കുന്നതെങ്ങനെയെന്നും മനസിലാക്കി.
പ്രീ സ്കൂള്‍ മുതല്‍ ഹയര്‍ സെക്കൻഡറി വരെ ഒരു സ്കൂളില്‍ പഠിക്കാന്‍ സാധിക്കുമെന്നത് പാലാ സെന്റ് മേരീസിന്റെ നേട്ടമാണെന്നു സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ സംഘം നേരിട്ടു മനസിലാക്കി. സ്കൂള്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് കിട്ടിയ തിരുവാതിര, വൃന്ദവാദ്യം എന്നിവയിലുള്ള കുട്ടികളുടെ പ്രകടനവും ആസ്വദിച്ചാണ് സംഘം മടങ്ങിയത്.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യൂ ജോസ്, സിസ്റ്റര്‍ ആല്‍ഫി, ഫാ. ലിജോ മാപ്രക്കരോട്ട്, ഫാ. തോമസ് മണിയഞ്ചിറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.