കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം പുതിയ മന്ദിരത്തിന് 5.5 കോടി അനുവദിക്കും: മന്ത്രി വീണാ
1495174
Tuesday, January 14, 2025 6:48 AM IST
കോട്ടയം: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആരോഗ്യ ഗ്രാന്റില്‍നിന്ന് 5.5 കോടി രൂപ അനുവദിച്ച് കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്.
സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തിന്റെയും കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൈനര്‍ ഓപ്പറേഷന് തിയറ്റര്‍, ഔട്ട്പേഷ്യന്റ് വിഭാഗം, കിടത്തിച്ചികിത്സ വിഭാഗം എന്നിവയടങ്ങുന്ന കെട്ടിട സമുച്ചയമാണ് നിര്‍മാണത്തിനൊരുങ്ങുന്നത്.
കുറിച്ചി പഞ്ചായത്തിലെ സചിവോത്തമപുരത്തും ചാലച്ചിറയിലും ഉള്ള ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ 100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ മൂന്നരവര്‍ഷം സാക്ഷ്യം വഹിച്ചത്.
കിഫ്ബി വഴി 80 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ചങ്ങനാശേരി ജനറല്‍ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കംകുറിക്കും. ആര്‍ദ്രം മിഷന്റെ ഭാഗമായി എട്ടരവര്‍ഷം കൊണ്ട് ആരോഗ്യമേഖലയില്‍ കേരളചരിത്ത്രിലുണ്ടായിട്ടില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണു സാധ്യമായതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജീര്‍ണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ച് ജോബ് മൈക്കിൾ എംഎല്‍എ ഫണ്ടിലൂടെ നല്കിയ ഒരു കോടി 36 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 10 കിടക്കകളോടെ ഓക്സിജന്‍ സൗകര്യമുള്ള ബെഡുകളാണ് കിടത്തിച്ചികിത്സയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
എംസി റോഡിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ആശുപത്രിയില്‍ പ്രതിദിന ഒപി മുന്നൂറിലധികമാണ്. സ്കിന്‍ സ്പെഷ്യാലിറ്റി ഉള്‍പ്പെടെ ദേശീയ ആരോഗ്യദൗത്യത്തില്നിന്നുള്ള മൂന്നു ഡോക്ടര്‍മാര്‍, ആരോഗ്യവകുപ്പില്‍ നിന്നുള്ള രണ്ടു ഡോക്ടര്‍മാര്‍, ആറ് സ്റ്റാഫ് നേഴ്സ്, രണ്ടു ലാബ് ടെക്നീഷന്‍, മൂന്നു ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ സേവനവുമുണ്ട്.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി സജീവ് എന്നിവര്‍ പ്രസംഗിച്ചു.