എരുമേലി-ശബരിമല പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്
1494947
Monday, January 13, 2025 11:52 PM IST
എരുമേലി: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കൂടുകയും നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടുകൾ വാഹനങ്ങൾ നിറയുകയും ചെയ്തതോടെ ഇന്നലെ രാവിലെ മുതൽ എരുമേലി-പമ്പ ശബരിമല പാതയിൽ മണിക്കൂറുകൾനീണ്ട ഗതാഗതക്കു രുക്ക്. തീർഥാടകരും പോലീസും തമ്മിൽ പലയിടത്തും വാക്കേറ്റം സംഘർഷത്തിലേക്കെത്തി. സ്കൂൾ വിദ്യാർഥികൾ അടക്കം വാഹനങ്ങളിൽ വഴിയിൽ കുടുങ്ങി.
നിലയ്ക്കലിൽ തീർഥാടക വാഹനങ്ങൾ നിറഞ്ഞത് മൂലം പമ്പയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾ കടത്തി വിടരുതെന്ന് എരുമേലി പോലീസിന് കർശന നിർദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് എരുമേലിയിലെ ശബരിമല പാതയിൽ തീർഥാടക വാഹനങ്ങൾ പിടിച്ചിട്ടത്. ഇതോടൊപ്പം നാട്ടുകാരും വാഹനങ്ങളിൽ കുരുങ്ങിയതോടെ ഗതാഗത സ്തംഭനമായി മാറുകയായിരുന്നു.
എരുമേലി സെന്റ് തോമസ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷ മുൻനിർത്തി സ്കൂളിലെ വിദ്യാർഥികളെ വഴിയിൽ നിന്നു പോലീസ് ജീപ്പിൽ കയറ്റി സ്കൂളിൽ എത്തിക്കാനും പോലീസ് ബുദ്ധിമുട്ടി. സ്കൂൾ വാഹനങ്ങളും സ്വകാര്യ ബസുകളുമെല്ലാം വഴിയിൽ കുടുങ്ങിയിരുന്നു. കിലോമീറ്ററുകളോളം നീണ്ട നിലയിൽ വാഹനങ്ങൾ പോലീസ് പിടിച്ചിട്ടതാണ് കുരുക്കായത്.
കാഞ്ഞിരപ്പള്ളി റോഡിലും
ഗതാഗതം നിശ്ചലം
എരുമേലിയിലെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ നിറഞ്ഞത് മൂലം തീർഥാടക വാഹനങ്ങൾ ഈ ഗ്രൗണ്ടുകളിൽ പിടിച്ചിട്ട് ശബരിമല പാതയിലെ കുരുക്ക് പരിഹരിക്കാൻ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്തു കിടന്ന വാഹനങ്ങളിൽ മിക്കതിലും ഡ്രൈവർമാരില്ലായിരുന്നു. വാഹനങ്ങൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത ശേഷം തീർഥാടകാരെല്ലാം ശബരിമല ദർശനത്തിന് പോയിരിക്കുകയായിരുന്നു.
ഈ വാഹനങ്ങൾ ഗ്രൗണ്ടുകളിൽനിന്ന് മാറ്റാൻ പോലീസ് നടത്തിയ ശ്രമം പൊളിഞ്ഞതോടെ കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെ ഗ്രൗണ്ടിലും കൊരട്ടി കെടിഡിസി വളപ്പിലും കുറെയേറെ തീർഥാടക വാഹനങ്ങൾ പോലീസ് പിടിച്ചിട്ടു. എന്നിട്ടും ഗതാഗത കുരുക്ക് അയഞ്ഞില്ല. തുടർന്ന് കുറുവാമുഴിയിലും വാഹനങ്ങൾ പിടിച്ചിട്ടിട്ടും ഗതാഗതം സാധ്യമായില്ല. ഇതിനിടയിൽ പത്ത് വാഹനങ്ങൾ വീതം പമ്പയിലേക്ക് വിടാൻ പോലീസിന് അറിയിപ്പ് ലഭിച്ചത് ആശ്വാസമായി.
ഇതോടെയാണ് ശബരിമല പാതയിൽ ഗതാഗതം ചലിച്ചു തുടങ്ങിയത്. ഉച്ചയോടെയാണ് ഗതാഗത ക്രമീകരണം സുഗമമായത്. പോലീസ് നിർദേശം ചോദ്യം ചെയ്ത് പലയിടത്തും തീർഥാടകരും നാട്ടുകാരും പ്രതിഷേധിക്കുന്നുണ്ടായിരുന്നു. എരുമേലി ടൗണിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ച തീർഥാടകരെ പോലീസ് ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കേണ്ടി വന്നു.