ചങ്ങനാശേരി ബിവറേജസ് ഷോപ്പ് പരിസരം ക്രിമിനല്‍ സംഘങ്ങളുടെ താവളം
1494924
Monday, January 13, 2025 7:09 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ചെമ്പരത്തി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഷോപ്പിന്റെ പരിസരങ്ങൾ ക്രിമിനല്‍ സംഘങ്ങളുടെ താവളമാക്കുന്നു. പുരുഷന്മാരെ വലയില്‍ വീഴ്ത്തി പണംതട്ടുന്ന അഭിസാരിക സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ബിവറേജസ് ഷോപ്പിന്റെ പരിസരങ്ങളിലും ഇടവഴികളിലും പകലും രാത്രിയും ഒരുപോലെ ക്രിമിനല്‍ സംഘങ്ങള്‍ തന്പടിക്കുകയാണ്.
മദ്യം വാങ്ങാനെത്തുന്നവര്‍ക്കും സമീപങ്ങളിലെ വ്യാപാരികള്‍ക്കും ഒരുപോലെ ഇതു ശല്യമാകുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണെന്നാണ് പരാതി. മദ്യം വാങ്ങാനെത്തുന്നവരെ വിവിധ തരത്തില്‍ കബളിപ്പിച്ച് പണം തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യം. ബിവറേജസ് ഷോപ്പ് അടച്ചാലും രാത്രികാലങ്ങളില്‍ ഈ ഭാഗങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ വിലസുന്നുണ്ട്.
ബിവറേജസ് മദ്യശാലക്കു സമീപം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ രണ്ട് കൊലപാതകങ്ങളും പല സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചവരാണ് ഈ കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ.
ബിവറേജസ് മദ്യശാല കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കണം
കഴിഞ്ഞദിവസം ചങ്ങനാശേരി ബീവറേജ് ഷോപ്പിന് സമീപം സ്ത്രീയെ മര്‍ദിക്കുന്നതു ചോദ്യംചെയ്ത വയോധിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെത്തിപ്പുഴ രണ്ടുകുഴിച്ചിറ ഭാഗത്ത് തൈപ്പറമ്പില്‍ വിനീഷ്(35) എന്നയാളാണ് ചങ്ങനാശേരി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ചങ്ങനാശേരി, തൃക്കൊടിത്താനം, വാകത്താനം, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയാണ്.
ഇത്തരം ക്രിമനല്‍ സംഘത്തില്‍പ്പെട്ടവരാണ് ബിവറേജസ് മദ്യശാലക്കു ചുറ്റുപാടുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് മദ്യശാല കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
രാസലഹരിയില്‍ യുവാക്കള്‍
ചങ്ങനാശേരി: ചങ്ങനാശേരിയിലും പരിസര പഞ്ചായത്തുകളും കേന്ദ്രീകരിച്ച് എംഡിഎംഎ ഉള്‍പ്പെടുന്ന രാസലഹരി, കഞ്ചാവ് മാഫിയ സംഘങ്ങള്‍ ശക്തിപ്പെടുന്നതായി സൂചന. ബംഗളൂരു, ഒഡീഷ, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കടത്തിക്കൊണ്ടു വന്നാണ് ചെറിയ പായ്ക്കറ്റുകളിലാക്കി വന്‍വിലയ്ക്ക് വില്‍ക്കുന്നത്. ഇതിനു പിന്നില്‍ മാഫിയ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ബംഗളൂരു, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും രാസലഹരിയും കഞ്ചാവും പോലുള്ള ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന് വിതരണം നടത്തുന്നതായി പോലീസിനും എക്സൈസിനും സൂചനകളുണ്ട്. കഴിഞ്ഞയാഴ്ച തൃക്കൊടിത്താനം കോട്ടമുറിയില്‍ എംഡിഎംഎ വില്പനയ്ക്കിടയില് ചങ്ങനാശേരി സ്വദേശികളായ മൂന്നു യുവാക്കളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ശാന്തിപുരത്തുനിന്നു പോലീസും എക്സൈസ് സംഘവും ചേര്‍ന്ന് മൂന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവമുണ്ടായി.
പായിപ്പാട്, തെങ്ങണ, കറുകച്ചാല്‍ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇതരസംസ്ഥാന തൊഴിലാളി സംഘങ്ങളും രാസലഹരി, കഞ്ചാവ് വില്പന നടത്തുന്നതായും സൂചനകളുണ്ട്. ചങ്ങനാശേരി പെരുന്ന, ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും ലഹരി വിതരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.