മാലിന്യം കുമിഞ്ഞുകൂടി കളത്തില്കടവിലെ കുളിക്കടവ് സംരക്ഷിക്കണമെന്നു നാട്ടുകാര്‍
1494913
Monday, January 13, 2025 6:59 AM IST
ചിങ്ങവനം: മാലിന്യം കുമിഞ്ഞുകൂടി കൊടൂരാറ്റിലെ കളത്തില്‍ കടവ് കുളിക്കടവ് ഉപയോഗശൂന്യമായി. നിരവധിയാളുകള്‍ നിത്യവും ഉപയോഗിച്ചുകൊണ്ടിരുന്ന ഇവിടെ പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും പായലും ചീഞ്ഞഴുകി ദുര്‍ഗന്ധം പരത്തുന്ന നിലയിലാണിപ്പോള്‍.
വേനല്‍ക്കാലമായാല്‍ നാട്ടുകാര്‍ തുണി കഴുകുന്നതും കുളിക്കുന്നതും ഇവിടെയാണ്. കൂടാതെ സമീപ പ്രദേശങ്ങളിലെ കര്‍ഷകരടക്കമുള്ള തൊഴിലാളികളുടെ ആശ്രയവുമാണ്. കളത്തില്‍ കടവ് പാലത്തിന് അടിയിലുള്ള തൂണുകളില്‍ പോളയും പായലും തിങ്ങിനിറഞ്ഞതോടെ ഒഴുകിവരുന്ന സകല മാലിന്യങ്ങളും കുളിക്കടവില്‍ അടിഞ്ഞുകൂടി കിടക്കുന്ന നിലയിലാണിപ്പോള്‍.
ഇതിനു മറപിടിച്ച് നാട്ടുകാര്‍ മാലിന്യം നിക്ഷേപിച്ചു തുടങ്ങിയതോടെയാണ് കുളിക്കടവ് നാമാവശേഷമായത്. അടിയന്തരമായി കുളിക്കടവ് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.