ചാണകത്തിന് വില വര്‍ധിച്ചു
1494952
Monday, January 13, 2025 11:52 PM IST
കോട്ടയം: നാളുകള്‍ക്കുശേഷം ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉണങ്ങിയ ചാണകത്തിനു പാട്ടയ്ക്ക് 35 രൂപയായിരുന്ന വില 50 രൂപയായി വര്‍ധിച്ചു.
കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ലോഡ് കണക്കിന് ചാണകമാണ് കയറിപ്പോകുന്നത്. റബര്‍ കൃഷി നഷ്ടമായതോടെ അവിടങ്ങളില്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റംബൂട്ടാന്, കമുക്, ഡ്രഗണ്‍ ഫ്രൂട്ട് തുടങ്ങിയവ മലയാളികള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെയാണ് അവിടെ ചാണകത്തിന് ലഭ്യതക്കുറവും വിലയും വര്‍ധിച്ചത്. കേരളത്തില്‍ ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ വളങ്ങള്‍ക്ക് ക്ഷാമം നേരിട്ടതും കോഴികാഷ്ഠം ഉപയോഗിക്കുന്നതുമൂലം വിളകള്‍ക്ക് രോഗം ഉണ്ടാകുന്നതുമാണ് കപ്പ, വാഴ കര്‍ഷകര്‍ ചാണകത്തിലേക്ക് തിരിച്ചുവന്നത്.
ഇടമഴയുംകൂടി ലഭിച്ചതോടെ വളമായി ചാണകം ഉപയോച്ചുതുടങ്ങി. ഇപ്പോള്‍ ഉണ്ടായ വില വര്‍ധനവു ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ല ചെയര്മാന് എബി ഐപ്പ് പറഞ്ഞു. ചാണകം പൊടിച്ച് ഉണക്കുന്ന മെഷീനുകള്‍ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. ഇത് പ്രയോജനപെടുത്തിയാല്‍ അധികവരുമാനം ഉറപ്പാക്കാന്‍ സാധിക്കും.