തകർന്ന ഇരുമ്പ് ഗ്രില്ലുകള്‍ യാത്രക്കാർക്കു ദുരിതമാകും
1494984
Monday, January 13, 2025 11:53 PM IST
പാലാ: പാലാ നഗരത്തിൽ കാൽനടയാത്രക്കാർ ഓടയ്ക്കു മുകളിലൂടെ പോകുന്പോൾ സൂക്ഷിക്കണം. ഇവിടെ പാകിയിരിക്കുന്ന തുരുന്പെടുത്ത ഗ്രില്ലുകൾ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടം വിതയ്ക്കുന്ന നിലയിലാണ്.
നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു മുന്‍വശത്തുനിന്നു മാര്‍ത്തോമ്മാ ചര്‍ച്ച് റോഡിലേക്കു കടക്കുന്ന ഭാഗത്തുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകളാണ് തകര്‍ന്നത്. ഗ്രില്ലുകള്‍ മുഴുവന്‍ തുരുമ്പെടുത്ത നിലയിലാണ്. ഇരുമ്പ് പൈപ്പുകള്‍ തകര്‍ന്നു പോയതോടെ വലിയ വിടവുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ചാവറ സ്കൂളിലേക്കു നിരവധി കുട്ടികളും കാല്‍നടയായി ഇതുവഴി കടന്നുപോകുന്നുണ്ട്.
ഇരുചക്രവാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഗ്രില്ലിലെ പല പൈപ്പുകളും ദ്രവിച്ച് ഓടയില്‍ വീണുകിടക്കുന്നു. പൈപ്പുകളുടെ ദ്രവിച്ച ഭാഗങ്ങള്‍ ഉയര്‍ന്നു നില്ക്കുന്നതിനു മുകളിലൂടെ വാഹനങ്ങള്‍ കയറുമ്പോള്‍ ടയറുകള്‍ക്കു കേടുപാടുകളും സംഭവിക്കുന്നു.
ടൗണിനു സമാന്തരമായുള്ള ഈ റോഡില്‍കൂടി നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്നുണ്ട്. രാത്രി സമയങ്ങളില്‍ ആളുകള്‍ ഓടയില്‍ വീഴാന്‍ സാധ്യതയേറെയാണ്. ഈ ഭാഗത്തെ ഇരുമ്പ് ഗ്രില്ലുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് അപകടം ഒഴിവാക്കാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
ഗ്രില്ലുകള്‍ തകരുമ്പോള്‍ നഗരസഭാ അധികൃതരെത്തി ഒടിഞ്ഞ ഗ്രില്ല് മാത്രം മാറ്റും. എന്നാല്‍ വൈകാതെ അടുത്ത ഗ്രില്ലും ഒടിയും.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് റിവർവ്യൂ റോഡില്‍ തകര്‍ന്നുകിടന്ന ഗ്രില്ലുകള്‍ക്കിടയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കാല് കുരുങ്ങി പരിക്കേറ്റിരുന്നു.