പാലിയേറ്റീവ് ദിനാചരണത്തിൽ വയോജനവന്ദനവുമായി സ്വരുമ പാലിയേറ്റീവ് കെയർ
1494986
Monday, January 13, 2025 11:53 PM IST
കുറവിലങ്ങാട്: സംസ്ഥാനതല പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ സാന്ത്വനസ്പർശം-2025 എന്ന പേരിൽ വിവിധ കർമപരിപാടികൾ നടപ്പിലാക്കും. സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കർമപരിപാടികൾ.
സാന്ത്വനസ്പർശത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ യൂണിറ്റ് സേവനം നൽകുന്ന കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലെ 25 മുതിർന്ന പൗരന്മാരെ വീടുകളിലെത്തി ആദരിക്കും. വയോജനവന്ദനം എന്ന പേരിലുള്ള ഗൃഹസന്ദർശനത്തിന്റെ ആദ്യദിനം ഇന്ന് കുറവിലങ്ങാട് പാട്ടുപാറ അമ്മിണി ജോൺ (102 ), കുടുക്കമറ്റം കുറച്ചുതാഴത്ത് അന്നക്കുട്ടി (94), മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് മുരിക്കോലിൽ തോമസ് (98) എന്നിവരെ വീടുകളിലെത്തി ആദരിക്കും. ത്രിതലപഞ്ചായത്തംഗങ്ങളും സ്വരുമ പാലിയേറ്റീവ് കെയർ ഭാരവാഹികളും പൊതുപ്രവർത്തകരും പങ്കെടുക്കും.
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളടക്കമുള്ള വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ച് സാന്ത്വന പരിചരണത്തിൽ വിദ്യാർഥികളെ പങ്കാളികളാക്കുന്ന സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (എസ്ഐപി) മേഖലയിൽ വ്യാപിക്കാനും പദ്ധതിയുണ്ട്.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഗ്രാമസഭകളോട് ചേർന്ന് ജീവിതശൈലീരോഗബോധവത്കരണ സെമിനാറുകൾ സ്വരുമ പാലിയേറ്റീവ് കെയർ നടത്തിയിരുന്നു. കുറവിലങ്ങാട് പഞ്ചായത്തിലെ മുഴുവൻ വാർഡിലും ജീവിതശൈലീരോഗ ബോധവത്കരണ സെമിനാർ നടന്നുവരുന്നു.