ശരീരശാസ്ത്രത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കി സെന്റ് തോമസ് കോളജിൽ മെഡക്സ്
1494983
Monday, January 13, 2025 11:53 PM IST
പാലാ: മനുഷ്യശരീരത്തെ ശാസ്ത്രീയമായി മനസിലാക്കാനും രോഗങ്ങളെയും രോഗപ്രതിരോധത്തെയും കുറിച്ചുള്ള ശരിയായ അവബോധം സ്വന്തമാക്കാനും വിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിനും അവസരമൊരുക്കി പാലാ സെന്റ് തോമസ് കോളജ്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 19 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക മേളയായ "ലുമിനാരിയാ'യിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറത്തക്കവിധമുള്ള വിപുലവും വിസ്മയജനകവുമായ കാഴ്ചകളാണ് മെഡക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹൃദയവും തലച്ചോറും ഉള്‍പ്പെടെ മനുഷ്യശരീരത്തിലെ സുപ്രധാനമായ എല്ലാ ആന്തരികാവയങ്ങളുടെയും രോഗബാധയ്ക്ക് മുന്‍പും അതിനു ശേഷവുമുള്ള അവയുടെ അവസ്ഥാ പരിണാമങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ മേളയിലുണ്ട്. മനുഷ്യ ശരീരഘടനയെ വിശദമായി പരിചയപ്പെടുത്തുന്ന അവയവ മാതൃകകളും ഭ്രൂണാവസ്ഥയുടെയും ശിശുവളര്ച്ചയുടെയും വിവിധ ഘട്ടങ്ങളും വിവരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ജൈവലോകത്തെ ശരീരശാസ്ത്രത്തിന്റെ കാണാപ്പുറങ്ങളെ വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോളജിലെ ബയോകെമിസ്ട്രി, സുവോളജി ഡിപ്പാര്‍ട്ട്മെന്റുകളും ഇതോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പ്രദര്‍ശനശാലകളാണ് ഒരുക്കിയിരിക്കുന്നത്. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ശാസ്ത്രജ്ഞാനത്തിന്റെ അനുഭവങ്ങള്‍ സ്വന്തമാക്കി മടങ്ങാനുള്ള സുവര്‍ണാവസരത്തിലേക്കാണ് പാലാ സെന്റ് തോമസ് കോളജ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.