തീർഥാടകത്തിരക്കിൽ കുരുങ്ങി പമ്പാവാലി കാനനപാത
1494980
Monday, January 13, 2025 11:53 PM IST
കണമല: ഇതുവരെയില്ലാത്ത വിധം വൻ തിരക്കിൽ ഇന്നലെ കാളകെട്ടി, അഴുത കാനനപാത. ഇന്നലെ മാത്രം ഒന്നര ലക്ഷത്തോളം പേർ ഇതുവഴി കടന്നുപോയെന്ന് വനസംരക്ഷണ സമിതി ചെയർമാനും എരുമേലി പഞ്ചായത്തംഗവുമായ എം.എസ്. സതീശ് പറഞ്ഞു. ഇന്നുകൂടി മാത്രമേ കാനനപാതയിൽ യാത്ര അനുവദിക്കുകയുള്ളൂ. ഇന്ന് പാത പൂർണമായും അടയ്ക്കുമെന്നും ഇനി അടുത്ത സീസണിലാണ് തുറക്കുകയെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ വൻ തിരക്കാണ് പാതയിൽ അനുഭവപ്പെട്ടത്. ഇടമുറിയാതെ പാത നിറഞ്ഞ നിലയിലാണ് ഇന്നലെ മുഴുവൻ സമയവും തീർഥാടകർ കടന്നുപോയത്. വൻ തിരക്കിൽ തീർഥാടകർ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴ പെയ്തതുമൂലമുള്ള ചെളിയിൽ തീർഥാടക സഞ്ചാരം അപകടസാധ്യത കൂടുതലാക്കി. തിക്കിലും തിരക്കിലും തീർഥാടകരിൽ ചിലർ പാതയിലെ ചെളിയിൽ വീഴുകയും ചെയ്തു. ഇതാദ്യമായാണ് ഇത്രയധികം തിരക്ക് പാതയിൽ അനുഭവപ്പെടുന്നതെന്ന് വനപാലകർ പറഞ്ഞു.
അതേസമയം വന സംരക്ഷണ സമിതി പുറത്തുവിട്ട ഇന്നലത്തെ തീർഥാടക തിരക്കിന്റെ കണക്കിനോട് വനംവകുപ്പ് യോജിക്കുന്നില്ല. തിരക്കുമൂലം മുഴുവൻ തീർഥാടകരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടില്ലെന്നും ഒന്നര ലക്ഷം പേർ ഇന്നലെ കടന്നുപോയെന്നത് കൃത്യമായ കണക്കല്ലെന്നുമാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ, കണക്ക് കുറച്ചുകാട്ടി കാനനപാതയിലെ തീർഥാടനയാത്രയുടെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നതെന്ന് വന സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു.