അഹങ്കാരം വെടിഞ്ഞ് ദൈവത്തിങ്കലേക്ക് തിരിച്ചുപോകണം: മോണ്‍. ജോസഫ് തടത്തില്‍
1494978
Monday, January 13, 2025 11:53 PM IST
കാഞ്ഞിരമറ്റം: അഹങ്കാരവും ദുരഭിമാനവും ഉപേക്ഷിച്ച് കഴിഞ്ഞകാല പോരായ്മകള്‍ തിരിച്ചറിഞ്ഞ് ദൈവത്തിങ്കലേക്ക് തിരിച്ചുപോകാന്‍ വിശ്വാസിസമൂഹത്തിനാകണമെന്ന് പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍. കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയുടെ ശതോത്തര രജതജൂബിലിയുടെയും കുടുംബക്കൂട്ടായ്മാ വാര്‍ഷികത്തിന്റെയും സംയുക്ത ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മോണ്‍. തടത്തില്‍. സന്തോഷത്തിന്റെ വിശ്വാസ കാഹളമുയരുന്ന ജൂബിലിയാഘോഷം ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകണമെന്നും വിശുദ്ധ കുര്‍ബാനയിലൂടെ ദൈവവുമായുള്ള അകലം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വികാരി ഫാ. ജോസഫ് മണ്ണനാല് അധ്യക്ഷത വഹിച്ചു. സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. രൂപത കുടുംബക്കൂട്ടായ്മ അസി. ഡയറക്ടര്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍, എറണാകുളം സെന്റ് തെരേസ മോണാസ്ട്രി സുപ്പീരിയര്‍ ഫാ. സഖറിയാസ് കരിയിലക്കുളം ഒസിഡി, പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി പ്രഫസര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, അസി. വികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍, അഡോറേഷന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റാണി ജോസ് എസ്എബിഎസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി കിഴക്കയില്‍, ഇടവക പ്രതിനിധി ജോസ് ജോസഫ് ചെരിപുറം, യുവജന പ്രതിനിധി മിനു രാജു ചെരിപുറം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സജിമോന്‍ ജോസഫ് നാഗമറ്റത്തില്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ഡോ. പ്രിന്‍സ്മോന്‍ ജോസ് മണിയങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സൂപ്പര്‍ സീനിയര്‍ ഇടവകാംഗങ്ങള്‍, വിവാഹ സുവര്‍ണ-രജത ജൂബിലി ദമ്പതികള്‍, വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ ഇടവകാംഗങ്ങള്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിച്ചു. മികച്ച വാര്‍ഡുതല കുടുംബക്കൂട്ടായ്മകള്ക്കുള്ള എവര്‍റോളിംഗ് ട്രോഫിയും വിതരണം ചെയ്തു. സമ്മേളനാനന്തരം സ്നേഹവിരുന്നും ഉണ്ടായിരുന്നു.